ഉത്തര്‍പ്രദേശില്‍ സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി



ഗ്രേറ്റര്‍ നോയ്ഡ: യമുനാ എക്‌സ്പ്രസ് വേയില്‍ സായുധരായ കവര്‍ച്ചക്കാര്‍ വാഹനത്തിലുണ്ടായിരുന്നവരെ ആക്രമിച്ച് പണവും ആഭരണങ്ങളും കൊള്ളയടിച്ചശേഷം സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. തടയാന്‍ ശ്രമിച്ച ബന്ധുവിനെ വെടിവച്ചുകൊന്നു. പശ്ചിമ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലുള്ള ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ കാറില്‍ യാത്ര പുറപ്പെട്ടവരാണ് ഇന്നലെ പുലര്‍ച്ചെ ആയുധധാരികളായ കവര്‍ച്ചാസംഘത്തിന്റെ അക്രമത്തിനിരയായത്. നാലു സ്ത്രീകളും നാലു പുരുഷന്‍മാരുമായിരുന്നു കാറിലുണ്ടായിരുന്നത്. കവര്‍ച്ച ചെറുക്കാന്‍ ശ്രമിക്കുമ്പോഴാണ് തങ്ങളെ ബലാല്‍സംഗം ചെയ്തതെന്ന് സ്ത്രീകള്‍ പറഞ്ഞു. സ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സബോട്ട ഗ്രാമത്തിനടുത്താണ് സംഭവം നടന്നത്.  ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോഴാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. ആഭരണങ്ങളും 44,000 രൂപയും കവര്‍ന്നിട്ടുണ്ട്. ഷക്കീല്‍ ഖുറേശിയാണ് വെടിയേറ്റു മരിച്ചത്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ നോയ്ഡയില്‍നിന്ന് ഷാജഹാന്‍പൂരിലേക്ക് കാറില്‍ പോവുകയായിരുന്ന സ്ത്രീയും ഇവരുടെ 13കാരി മകളും കൂട്ടബലാല്‍സംഗത്തിന് ഇരയായിരുന്നു. ബുലന്ദ്ശഹറിലൂടെ കടന്നുപോവുന്ന ദേശീയപാതയിലായിരുന്നു സംഭവം നടന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി ആഴ്ചകള്‍ കഴിയുമ്പോഴാണ് രാജ്യത്തിനു തന്നെ നാണക്കേടുണ്ടാക്കിയ കൂട്ടമാനഭംഗം അരങ്ങേറിയത്.

RELATED STORIES

Share it
Top