ഉത്തര്‍പ്രദേശിലേത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പോലിസ് നടത്തുന്നത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെന്ന് വസ്തുതാന്വേഷണ സംഘം. ഏറ്റുമുട്ടലിനിടെ കൊന്നുവെന്ന് പോലിസ് പറയുന്ന ഭൂരിപക്ഷം പേരെയും വീടുകളില്‍ നിന്ന് പോലിസ് പിടിച്ചിറക്കിക്കൊണ്ടുപോയി വെടിവച്ചു കൊല്ലുകയായിരുന്നു. എട്ടുമാസത്തിനിടെ സംസ്ഥാനത്ത് 1500 ഓളം ‘ഏറ്റുമുട്ടല്‍’ നടത്തിയ പോലിസ് 50 പേരെ കൊലപ്പെടുത്തിയെന്നു സംഘം വ്യക്തമാക്കി.
സംഘം തയ്യാറാക്കിയ വസ്തുതാന്വേഷണ റിപോര്‍ട്ട് ഇന്നലെ ഇരകളുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ചു. ഹരിയാനയിലും സമാനമായ സംഭവങ്ങളാണു നടക്കുന്നതെന്ന് സംഘം പറഞ്ഞു.  കൊല്ലപ്പെട്ടവരില്‍ ചിലര്‍ പോലിസിന്റെ ചാരന്‍മാരാണെന്നും ഒരു കേസിലും അകപ്പെടാത്തവരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സംഘാംഗങ്ങള്‍ വ്യക്തമാക്കി. പലര്‍ക്കും വെടിയേറ്റത് വളരെ അടുത്തുനിന്നാണ് എന്നാണു കൊല്ലപ്പെട്ടവുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുകളില്‍ നിന്നു വ്യക്തമാവുന്നത്. ചിലരുടെ ശരീരത്തില്‍ തോക്ക് ചേര്‍ത്തുപിടിച്ച് വെടിവച്ചതിന്റെ അടയാളവുമുണ്ട്. നെഞ്ചിനും തലയ്ക്കു മുകളിലുമാണ് അധികം പേര്‍ക്കും വെടിയേറ്റിരിക്കുന്നത്. കൊല്ലപ്പെട്ട 50 പേരില്‍ 33 പേര്‍ ദലിത്, യാദവ വിഭാഗത്തില്‍പ്പെട്ടവരും 17 പേര്‍ മുസ്‌ലിംകളുമാണ്.
ഹരിയാനയിലെ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നതെല്ലാം കാര്‍ഷിക ആവശ്യത്തിന് വേണ്ടി പശുക്കളെ കൊണ്ടുപോവുന്ന മുസ്‌ലിം ചെറുപ്പക്കാരാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും ഇരകളുടെ കുടുംബങ്ങളും ചേര്‍ന്നാണ് റിപോര്‍ട്ട് പ്രകാശനം ചെയ്തത്.

RELATED STORIES

Share it
Top