ഉത്തരേന്ത്യയില്‍ പൊടിക്കാറ്റും മഴയും: 73മരണം

ലക്‌നോ: ഉത്തരേന്ത്യയില്‍ ഇന്നലെ ആരംഭിച്ച പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം73 ആയി.നൂറിലധികം പേര്‍ക്കു പരുക്കേറ്റു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണു കൂടുതല്‍ നാശനഷ്ടം. പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളെയും ദുരിതം ബാധിച്ചു. കിഴക്കന്‍ യുപിയില്‍ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റ് കനത്ത നാശമാണ് വിതച്ചത്. സോനേഭദ്ര, മിര്‍സാപൂര്‍, ഭാദോനി ജില്ലകളിലാണ് കാറ്റ് കൂടുതല്‍ നാശം വിതച്ചത്.നിരവധി വീടുകളും തകര്‍ന്നു. സോനേഭദ്ര ജില്ലയിലെ ചാപ്ക, സോഹാദ്വാള്‍, നാക്പുര്‍, ദോരിയ ഗ്രാമങ്ങളില്‍ വലിയ തോതില്‍ കന്നുകാലികള്‍ ചത്തൊടുങ്ങി. മരിച്ചവരില്‍ മൂന്നു യുവാക്കളും ഉള്‍പ്പെടുന്നു. സിദ്ധാര്‍ഥ്‌നഗര്‍ സ്വദേശികളായ ഇവര്‍ കൊടുങ്കാറ്റിനൊപ്പമെത്തിയ മിന്നലേറ്റാണ് മരിച്ചത്. ദുരിതബാധിതപ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ നാലു ജില്ലകളിലായി 42 പേര്‍ മരിച്ചെന്നാണു റിപ്പോര്‍ട്ട്. ആഗ്രയില്‍ 36 പേരും ബിജ്‌നോറില്‍ മൂന്നും സഹരന്‍പുരില്‍ രണ്ടും ബറേലിയില്‍ ഒരാളും മരിച്ചു. രാജസ്ഥാനില്‍ പൊടിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 27 ആയി. നിരവധി പേര്‍ക്കു പരുക്കേറ്റു. സംസ്ഥാനത്തിന്റെ കഴിക്കന്‍ പ്രദേശത്താണു പൊടിക്കാറ്റ് ദുരിതം വിതച്ചത്.ഡല്‍ഹിയില്‍ മഴയെയും കാറ്റിനെയും തുടര്‍ന്ന് 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

RELATED STORIES

Share it
Top