ഉത്തരേന്ത്യയില്‍ കുടുങ്ങിയ മലപ്പുറത്തെ തീര്‍ത്ഥാടക സംഘത്തിന്റെ മടക്കയാത്ര ഉടന്‍

പെരിന്തല്‍മണ്ണ: ഉത്തരേന്ത്യയില്‍ കുടുങ്ങിയ മലപ്പുറത്തെ തീര്‍ത്ഥാടക സംഘത്തിന്റെ മടക്കയാത്രക്ക് ഡല്‍ഹി മലയാളിയുടെ ഇടപെടലില്‍ തീരുമാനമായി. ഏലംകുളം പെരുമ്പാറ കിഴിശ്ശേരി, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, കോട്ടക്കല്‍, തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു ഉത്തരേന്ത്യയിലെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെ അജ്മീറില്‍ നിന്നു അഹ്മദാബാദിലേക്ക് തിരിച്ച ട്രെയിന്‍ 11 മണിക്കൂറിലേറെ വൈകി ഓടിയതിനാല്‍ അഹമ്മദാബാദില്‍ നിന്നു കേരളത്തിലേക്കുള്ള കണക്്ഷന്‍ ട്രെയിന്‍ നഷ്ടമായി.
ഇതോടെ യാത്രക്കാര്‍ക്ക് സഹായവുമായി ഡല്‍ഹി മലയാളിയും കോണ്‍ഗ്രസ് നേതാവുമായ ഷിബുചെറിയാന്‍ നേതൃത്വത്തിലുള്ള സംഘമെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഷിബു ചെറിയാന്‍ ഇതുമായി ബന്ധപ്പെട്ട് വിഷയം കോണ്‍ഗ്രസ്സ് ദേശീയ നേതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും, യാത്ര സംഘങ്ങള്‍ക്കു റെയില്‍വേ ഉദ്യോഗസ്ഥരുമായി സംസാരിക്കാനും അതോടൊപ്പം കേരളത്തില്‍നിന്നുള്ള മുല്ലപള്ളി രാമചന്ദ്രന്‍ എംപി, പി സി ചാക്കോ തുടങ്ങിയവര്‍ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചനടത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് സ്‌റ്റേഷന്‍ മാസ്റ്ററുടെ നിര്‍ദേശത്താല്‍ മറ്റൊരു ട്രെയിനില്‍ ഇവരെ കേരളത്തിലേക്കയക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 8ന് അഹമ്മദാബാദില്‍ എത്തേണ്ട ട്രെയിന്‍ 11 മണിക്കൂറുകള്‍ പിന്നിട്ട് രാത്രി 8.30 നാണ് എത്തിയത്. ഇത് കാരണം ഇവരുടെ കണക്്ഷന്‍ ട്രെയിന്‍ നഷ്ടമാവുകയായിരുന്നു.
ഏലംകുളം സ്വദേശികളായ മുഹമ്മദ് മൗലവി, വീരന്‍, യൂസഫ് ഹാജി, മുഹമ്മദ് കുട്ടി, ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ 200 പേരാണ് തീര്‍ത്ഥാടന യാത്രയിലുള്ളത്. രാത്രി 8.30ന് അഹമ്മദാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ സംഘം റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററുടെ നിര്‍ദേശത്താല്‍ അടുത്ത ട്രെയിനില്‍ നാട്ടിലേക്ക് തിരിക്കുമെന്ന് അറിയിച്ചു. ഉത്തരേന്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ യാത്രാ ദുരിതം നേരിട്ട ഇരുനൂറോളം പേരെ കേരളത്തിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഷിബു ചെറിയാന്‍ പുലാമന്തോള്‍ മാലാപ്പറമ്പ് സ്വദേശിയും ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ്സ് അംഗവുമാണ്. കുറച്ചു കാലങ്ങളായി ഡല്‍ഹിയില്‍ ആണ് ഇദ്ദേഹം സ്ഥിരതാമസം.

RELATED STORIES

Share it
Top