ഉത്തരവ് മറികടന്ന് കോഫി സ്റ്റാളുകളുടെ ലേല നടപടികള്‍ വൈകിക്കുന്നു

അമ്പലപ്പുഴ: സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് കോഫീ സ്റ്റാളുകളുടെ ലേല നടപടികള്‍ വൈകിക്കുന്നു. പബ്ലിക്ക് പ്രോസിക്യൂട്ടറുടെ അലംഭാവം മൂലം സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാവുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കോഫി സ്റ്റാളുകളുടെ ലേല നടപടിയാണ് നിയമകുരുക്കില്‍ പെട്ട് തടസപ്പെട്ടിരിക്കുന്നത്. ഒരു മില്‍മ ബൂത്ത് ഉള്‍പ്പെടെ 5 സ്റ്റാളുകളാണ് ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2016 ല്‍ സാമൂഹ്യനീതി വകുപ്പ് ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാളുകള്‍ വര്‍ഷാവര്‍ഷം ലേലം ചെയ്യണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ വിഭാഗത്തിലെ ഒരു കോഫി സ്റ്റാളും ഭിന്നശേഷിക്കാര്‍ക്കായുള്ള മറ്റ് മൂന്ന്  സ്റ്റാളും മില്‍മ ബൂത്തും ലേലം ചെയ്യാന്‍ ആശുപത്രി വികസന സമിതി തീരുമാനമെടുത്തെങ്കിലും ഇതിനെതിരെ കോഫീ സ്റ്റാള്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നിയമ പോരാട്ടത്തിനൊടുവില്‍ ജനറല്‍ വിഭാഗത്തിലെ ഒരു കോഫീ സ്റ്റാള്‍ കഴിഞ്ഞ വര്‍ഷം ലേലം ചെയ്തു. മാസം 5000 രൂപ വാടകക്ക് പ്രവര്‍ത്തിച്ചിരുന്ന കോഫീ സ്റ്റാളുകള്‍ ലേല ശേഷം പ്രതിമാസ വാടക 2 ലക്ഷം രൂപയായി ഉയര്‍ത്തി. 6 ലക്ഷം രൂപ ഡപ്പോസിറ്റും സര്‍ക്കാരിന് ലഭിച്ചു. കോഫി സ്റ്റാളുകള്‍ രണ്ട് വര്‍ഷത്തേക്ക് ലേലം ചെയ്യണമെന്ന ഹൈക്കോടതി സിംഗില്‍ ബഞ്ച് വിധിക്കെതിരെ കോഫീ സ്റ്റാള്‍ ഉടമകള്‍ ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഏഴിന് പരിഗണിച്ച ഹര്‍ജി ഹൈക്കോടതി പിന്നീട് ഇതുവരെ പരിഗണിച്ചിട്ടില്ല. അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനെ കോഫീ സ്റ്റാള്‍ ഉടമകള്‍ സ്വാധീനിച്ചതാണ് ഈ കേസ് പരിഗണിക്കാന്‍ വൈകുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നിന്ന് കോടതിക്ക് കൈമാറിക്കഴിഞ്ഞു. എങ്കിലും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ച കോഫീ സ്റ്റാള്‍ ഉടമകള്‍ക്കൊപ്പമാണ് പ്രോസിക്യൂഷനെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ സര്‍ക്കാരിന് പ്രതിമാസം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്. ഭിന്നശേഷിക്കാര്‍ക്കായാലും 2 വര്‍ഷത്തില്‍ കൂടുതല്‍ കോഫീ സ്റ്റാള്‍ നല്‍കരുതെന്ന ഉത്തരവ് നടപ്പാക്കാതിരിക്കാനാണ് സ്റ്റാള്‍ ഉടമകള്‍ കേസ് നീട്ടിക്കൊണ്ടു പോകുന്നത്. ഈ സാഹചര്യത്തില്‍ കോഫീ സ്റ്റാളുകളുടെ ലേലം നടത്താന്‍ ജില്ലാ കലക്ടര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top