ഉത്തരവ് നടപ്പാക്കുന്നതില്‍ പോലിസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന്

കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനം ആവാമെന്ന സുപ്രിം കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പോലിസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ഹൈക്കോടതി. ഇക്കാര്യത്തി ല്‍ ഇനി സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നും കോടതി ചോദിച്ചു. ശബരിമല സന്ദര്‍ശനത്തിന് മതിയായ പോലിസ് സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാലു സ്ത്രീകള്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വാക്കാല്‍ ആരാഞ്ഞത്.
10നും 50നും ഇടയില്‍ പ്രായമുള്ള അയ്യപ്പഭക്തരായ സ്ത്രീകളെ മലകയറുന്നതില്‍ നിന്ന് രാഷ്ട്രീയകക്ഷി പ്രവര്‍ത്തകരടക്കം അക്രമമാര്‍ഗത്തിലൂടെ തടയുന്ന സാഹചര്യത്തില്‍ സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. കോടതിവിധി നടപ്പാക്കാന്‍ ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ മതിയായ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സംസ്ഥാന-ജില്ലാ പോലിസ് മേധാവികള്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പത്തനംതിട്ട ജില്ലാ കലക്ടര്‍, കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികള്‍, നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, പി എസ് ശ്രീധരന്‍പിള്ള, രമേശ് ചെന്നിത്തല, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, തന്ത്രി കണ്ഠരര് മോഹന—ര് തുടങ്ങിയവരാണ് ഹരജിയിലെ എതിര്‍കക്ഷികള്‍.
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഈ മാസം 17 മുതല്‍ 20 വരെ അവിടെ നടന്ന സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന ഹരജിയും കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

RELATED STORIES

Share it
Top