ഉത്തരവിട്ടത് ആരെന്ന് സൗദി വ്യക്തമാക്കണം: ഉര്‍ദുഗാന്‍

ഇസ്താംബൂള്‍: സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ആവശ്യമായി വരുമ്പോള്‍ അത് പുറത്തുവിടുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഖഷഗ്ജിയെ കൊലപ്പെടുത്താന്‍ ആരാണ് ഉത്തരവിട്ടതെന്നു സൗദി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരാണ് 15 പേരോട് തുര്‍ക്കിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടറുമായി ചര്‍ച്ച നടത്താന്‍ സൗദി ചീഫ് പ്രോസിക്യൂട്ടര്‍ ഞായറാഴ്ച ഇസ്താംബൂളിലെത്തും. സൗദി അറസ്റ്റ് ചെയ്ത 18 പേരില്‍ ഖഷഗ്ജിയെ കൊലപ്പെടുത്തിയയാളും ഉണ്ടാവാമെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഖഷഗ്ജിയുടെ മകന്‍ സലാഹ് ഖഷഗ്ജി സൗദി അറേബ്യയില്‍ നിന്നു യുഎസിലെത്തി. യുഎസ്, സൗദി ഇരട്ടപൗരത്വമുള്ള സലാഹിന് സൗദി ഈ വര്‍ഷം ആദ്യത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. യാത്രാ വിലക്ക് പിന്‍വലിച്ച സൗദിയുടെ നടപടിയെ യുഎസ് സ്വാഗതം ചെയ്തു.
നിയമവിരുദ്ധ വധശിക്ഷയുടെ ഇരയാണ് ജമാല്‍ ഖഷഗ്ജിയെന്ന് യുഎന്‍ പ്രതിനിധി ആഗ്‌നസ് കാല്ലാമാര്‍ഡി അഭിപ്രായപ്പെട്ടു. സംഭവത്തില്‍ അന്താരാഷ്ട്രതല അന്വേഷണം നടത്തണമെന്നും അദ്ദേഹം യുഎന്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊലപാതകം ആസൂത്രിതമായിരുന്നുവെന്നു സൗദി അറേബ്യന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് ഈ മാസം രണ്ടിനാണ് ഖഷഗ്ജി കൊല്ലപ്പെട്ടത്. എല്ലാ അന്വേഷണങ്ങളും കിരീടാവകാശിയിലേക്കാണ് എത്തുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഉപദേഷ്ടാവും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

RELATED STORIES

Share it
Top