ഉത്തരവാദിത്തബോധമില്ലാത്ത നേതാക്കളെ മാറ്റും: കെ സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനായി പാര്‍ട്ടിയുടെ നിര്‍ണായക സ്ഥാനങ്ങളിലിരിക്കുന്ന ഉത്തരവാദിത്തബോധമില്ലാത്ത നേതാക്കളെ മാറ്റുമെന്നു കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി എക്‌സിക്യൂട്ടീവിന്റെ പുനസ്സംഘടനയില്‍ അംഗസംഖ്യ കുറയ്ക്കുന്നതടക്കമുള്ള നടപടികള്‍ ഒക്ടോബര്‍ 8ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യും. നേതാക്കളുടെ ബാഹുല്യംകൊണ്ടാണ് കെപിസിസിയില്‍ ഭാരവാഹികളുടെ എണ്ണം കൂടുന്നത്. ഇത് കോണ്‍ഗ്രസ്സിന്റെ ശാപമാണെന്നും സുധാകരന്‍ പറഞ്ഞു.
നല്ല രാഷ്ട്രീയകാലാവസ്ഥയല്ല കോണ്‍ഗ്രസ്സിന് ഇന്ത്യയിലും കേരളത്തിലും. യുഡിഎഫ് അല്ലെങ്കില്‍ എല്‍ഡിഎഫ് എന്ന കേരളസമവാക്യവും പതുക്കെ ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. പ്രബലമായ ഒരു മുന്നണി കൂടി ഉയര്‍ന്നുവന്നിരിക്കുന്നു. പുതിയ തലമുറയെ പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്താന്‍ പുതിയ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി രൂപപ്പെടുത്തണം. തുരുമ്പെടുത്ത സംഘടനാ സംവിധാനത്തെ മാറ്റിയെ പറ്റൂ. പുതിയ തലമുറയുടെ കാഴ്ചപ്പാടിന് അനുസൃതമായി പാര്‍ട്ടിയെ വളര്‍ത്തിയെടുക്കണമെങ്കില്‍ ഒരുപാട് കാതം ഇനിയും പാര്‍ട്ടി സഞ്ചരിക്കേണ്ടതുണ്ട്. ബൂത്ത് തലം മുതലുള്ള പാര്‍ട്ടി പുനസ്സംഘടന രണ്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കും. നേതാക്കളുടെ വയസ്സല്ല മനസ്സുകളുടെ യുവത്വമാണ് പ്രധാനം. ഗ്രൂപ്പുകള്‍ ശക്തമായിരുന്നപ്പോഴും കോണ്‍ഗ്രസ് ഉന്നത നിലവാരം പുലര്‍ത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സെമി കേഡര്‍ പാര്‍ട്ടിയെങ്കിലും ആയാലേ കോണ്‍ഗ്രസ്സിന് കേഡര്‍ പാര്‍ട്ടികളായ സിപിഎമ്മിനും ബിജെപിക്കും മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയൂവെന്നും സുധാകരന്‍ പറഞ്ഞു. കേഡര്‍, ഫാഷിസ്റ്റ് ശക്തികളായ രണ്ടു പാര്‍ട്ടികളോടും ഏറ്റുമുട്ടാന്‍ ഒരു ബഹുജന പാര്‍ട്ടിക്ക് എങ്ങനെ സാധിക്കുമെന്നത് വലിയ ചോദ്യമാണ്. ഇതിനു താഴെത്തലം വരെ പ്രവര്‍ത്തിക്കാന്‍ മുഴുവന്‍സമയ പ്രവര്‍ത്തകര്‍ വേണം. സായുധസംഘത്തിനു പകരം പ്രവര്‍ത്തനനിരതമായ സംഘമാണുണ്ടാവേണ്ടത്. കേരളത്തില്‍ മതന്യൂനപക്ഷങ്ങള്‍ ആര്‍എസ്എസിനെ ചെറുക്കാനുള്ള ശക്തി തേടുകയാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ നേരിയ വ്യതിചലനം ഇതുണ്ടാക്കിയിട്ടുണ്ട്. ആര്‍എസ്എസിനെ ചെറുക്കാന്‍ ഇവിടെ കോണ്‍ഗ്രസ്സുണ്ട് എന്ന് മതന്യൂനപക്ഷ വിഭാഗങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കും. ഭരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങളുണ്ടാവുമ്പോള്‍ ഭരണകക്ഷിയോടുള്ള വിധേയത്വം സ്വാഭാവികമായുമുണ്ടാവും. ചെങ്ങന്നൂര്‍ ഫലത്തെ താന്‍ വിലയിരുത്തുന്നത് അതിന്റെ അടിസ്ഥാനത്തിലാണെ ന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top