ഉത്തരകൊറിയന്‍ പ്രതിസന്ധി : അന്താരാഷ്ട്ര ഇടപെടല്‍ വേണം- ഫ്രാന്‍സിസ് മാര്‍പാപ്പകെയ്‌റോ: മിസൈല്‍ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് യുഎസിനും ഉത്തരകൊറിയക്കുമിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈജിപ്തില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധമല്ലാതെ നിരവധി പോംവഴികളുണ്ട്. യുഎസ്- ഉത്തകൊറിയ തര്‍ക്കത്തില്‍ നോര്‍വേയടക്കമുള്ള രാഷ്ട്രങ്ങള്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും പോപ്പ് ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ രണ്ടു ലോകരാഷ്ട്രങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നതു മാനവികതയ്ക്കു ഭീഷണിയാണ്. നിലവിലെ സ്ഥിതി വളരെ മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷ സാധ്യത നിലനില്‍ക്കെത്തന്നെ ഉത്തരകൊറിയ മറ്റൊരു ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് മണിക്കൂറുകള്‍ക്കകമാണ് പോപ്പിന്റെ പ്രസ്താവന. മിസൈല്‍ പരീക്ഷണത്തിലൂടെ ഉത്തരകൊറിയ തങ്ങളുടെ ബഹുമാനക്കുറവ് വീണ്ടും വ്യക്തമാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഉത്തരകൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് യുഎന്‍ രക്ഷാ സമിതി ചേര്‍ന്ന അതേദിവസംതന്നെയാണ് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്.

RELATED STORIES

Share it
Top