ഉത്തരകൊറിയന്‍ ഉപരോധം ഒരു വര്‍ഷത്തേക്കു നീട്ടി

വാഷിങ്ടന്‍: യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഉത്തരകൊറിയ അസാധാരണ ഭീഷണിയായി തുടരുന്നുവെന്നും ഉപരോധം ഒരു വര്‍ഷത്തേക്കു കൂടി തുടരുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഉത്തര കൊറിയയില്‍ നിന്ന് ഇനി അണ്വായുധ ഭീഷണിയുണ്ടാവില്ലെന്നു സിംഗപ്പൂര്‍ ഉച്ചകോടിക്കു ശേഷം അഭിപ്രായപ്പെട്ട ട്രംപ് കോണ്‍ഗ്രസ്സിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉപരോധം ഒരു വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള ഉത്തരവില്‍ വെള്ളിയാഴ്ച ട്രംപ് ഒപ്പിട്ടു.
ഉത്തര കൊറിയയ്ക്കു മേലുള്ള സാമ്പത്തിക ഉപരോധം തുടരും. ഉത്തര കൊറിയന്‍ നേതാക്കള്‍ക്കോ ഭരണകക്ഷിക്കോ യുഎസിലുള്ള സ്വത്തുക്കള്‍ വില്‍ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ഉള്ള വിലക്കും നിലനില്‍ക്കും. മനുഷ്യാവകാശ ലംഘനങ്ങളുടെയും ആണവ പരീക്ഷണങ്ങളുടെയും പേരില്‍ നിലവിലുള്ള ഉപരോധങ്ങള്‍ക്കു പുറമെയാണിത്.
ഉപരോധങ്ങള്‍ തുടരുമെന്നും ചര്‍ച്ചകളുടെ പുരോഗതിക്കനുസരിച്ചു മാറ്റങ്ങള്‍ക്കു സാധ്യതയുണ്ടെന്നുമാണ് ഭരണകൂടത്തിന്റെ നിലപാട്. ഉത്തര കൊറിയയിലെ അണ്വായുധങ്ങളുടെ സാന്നിധ്യവും അവയുടെ വ്യാപനത്തിനുള്ള സാധ്യതയും സര്‍ക്കാരിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും യുഎസിന്റെ ദേശീയ സുരക്ഷയ്ക്കും വിദേശനയത്തിനും സാമ്പത്തിക ഭദ്രതയ്ക്കും  ഭീഷണിയായി തുടരുകയാണെന്ന് ട്രംപ് കുറിച്ചു. ട്രംപിന്റെ കര്‍ക്കശ നിലപാടിനോട് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണു ലോകരാഷ്ട്രങ്ങള്‍.

RELATED STORIES

Share it
Top