ഉണ്യാലിലെ അക്രമങ്ങള്‍ക്കു പിന്നില്‍ ലീഗിലെ തീവ്രവാദികള്‍: സിപിഎം

തിരൂര്‍:  ഉണ്യാലിലെ സമാധാന ശ്രമങ്ങള്‍ ഇല്ലാതാക്കാന്‍ മുസ്്‌ലീം ലീഗിന്റെ ആസൂത്രിത ശ്രമമെന്നും ലീഗിലെ തീവ്രവാദി വിഭാഗമാണ് ഇതിന് പിന്നിലെന്നും സിപിഎം താനൂര്‍ ഏരിയാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ദീര്‍ഘനാളായി സമാധാന അന്തരീക്ഷത്തിലേക്ക് നീങ്ങിയ തീരദേശത്ത് അക്രമം വ്യാപിപ്പിക്കാന്‍ ലീഗ് ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നിസാറിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് പഞ്ചാരമൂല ഭാഗത്ത് വെച്ച് നിസാറിനെ വെട്ടി പരുക്കേല്‍പ്പിച്ചത്. തികച്ചും ആസൂത്രിതമായാണ്  സംഘം നീക്കം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഉണ്യാല്‍ ഗ്രൗണ്ടില്‍ വച്ചുണ്ടായ ലീഗ് അക്രമത്തിലും നിസാറിന് ഗുരുതരമായി പരുക്കേറ്റിരുന്നു.  ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പെ വീണ്ടും നിസാറിനെ ആക്രമിക്കുകയായിരുന്നു. പറവണ്ണ ആലിന്‍ ചുവട് കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ സംഘമാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പോലീസിന് പോലും പ്രദേശത്തേക്ക് കടക്കാന്‍ കഴിയുന്നില്ലെന്നുള്ളത് പ്രദേശത്തിന്റെ ഭീകരാവസ്ഥ സൂചിപ്പിക്കുന്നുവെന്നും സിപിഎം നേതാക്കള്‍ ആരോപിച്ചു.നിസാറിനെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ അടിയന്തിരമായി പിടികൂടി നിയമത്തിന് മുന്നില്‍ ഹാജരാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗം ഇ ജയന്‍, ഏരിയാ സെക്രട്ടറി വി അബ്ദുറസാഖ്  പങ്കെടുത്തു.

RELATED STORIES

Share it
Top