ഉഢാന്‍ പദ്ധതിയില്‍ കരിപ്പൂരിനെ ഉള്‍പ്പെടുത്തും: ഡയറക്ടര്‍

കരിപ്പൂര്‍: നഗരങ്ങളെ തമ്മില്‍ വിമാനസര്‍വീസുകള്‍ വഴി ബന്ധിപ്പിക്കുന്ന ഉഢാന്‍ പദ്ധതിയില്‍ കരിപ്പൂര്‍ വിമാനത്താവളത്തെ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കുമെന്ന് വിമാനത്താവള ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു. വിമാനത്താവള ഡയറക്ടറായി ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നഗരങ്ങള്‍ തമ്മില്‍ ചെലവു കുറഞ്ഞ വിമാനസര്‍വീസുകള്‍ വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് പദ്ധതിയില്‍ അനുമതി ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ വിമാനത്താവളം വരുന്നതോടെ കരിപ്പൂരിന്റെ വരുമാനസ്രോതസ്സിലും യാത്രക്കാരുടെ എണ്ണത്തിലും വിമാന സര്‍വീസിലും വര്‍ധനയുണ്ടാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുമാസത്തിനകം ഇടത്തരം വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ലാന്‍ഡിങ് അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. സൗദി എയര്‍ലൈന്‍സിനാണ് ആദ്യം അനുമതി ലഭിച്ചേക്കുക. സൗദിയുടെ സമഗ്ര റിപോര്‍ട്ട് ഡല്‍ഹിയിലെ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പരിഗണനയിലാണ്. ഇതു ഡിജിസിഎക്ക് അടുത്ത ദിവസം കൈമാറും. റിസ നിര്‍മാണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇടത്തരം വിമാനങ്ങള്‍ക്കും അനുമതി ലഭിക്കും.
പുതിയ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാവാന്‍ ഇനിയും മാസങ്ങളെടുക്കും. പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ യാത്രക്കാരുടെ ലഭ്യതയനുസരിച്ചു മാത്രമേ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ. വിമാനത്താവളത്തിന് മുന്‍വശത്തെ പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കുന്നതിനായി 15 ഏക്കര്‍ ഭൂമി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്.
നിലവിലുള്ള പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കുന്നതിന് ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top