ഉടുമ്പിറങ്ങി മലയില്‍ ക്രഷര്‍ യൂനിറ്റിന് അനുമതിയുണ്ടെന്ന്

വാണിമേല്‍: വിലങ്ങാട് ഉടുമ്പിറങ്ങി മലയില്‍ ക്രഷര്‍ യൂനിറ്റ് സ്ഥാപിക്കാന്‍ പഞ്ചായത്ത് കെട്ടിട നിര്‍മാണ അനുമതി നല്‍കിയിട്ടുണ്ടെന്ന്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് കെട്ടിട നിര്‍മാണത്തിനുള്ള അനുമതി പുതുക്കി നല്‍കിയത്. എന്നാല്‍ പഞ്ചായത്ത് ഭരണസമിതി ഉടുമ്പിറങ്ങി മലയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് വികസന കാര്യ സ്റ്റാന്റിങ്— കമ്മിറ്റി ചെയര്‍മാന്‍ എം കെ മജീദ് പറഞ്ഞു. 2012ല്‍ നഗരാസൂത്രണ വകുപ്പില്‍ നിന്നും വിലങ്ങാട് ഉടുമ്പിറങ്ങി മലയില്‍ ക്രഷര്‍ യൂനിറ്റ് തുടക്കാന്‍ മുക്കം കുമരനല്ലൂരിലെ സുനീര്‍ എന്നയാള്‍ക്ക്— കെട്ടിട നിര്‍മാണ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഉടുമ്പിറങ്ങി മലയില്‍ ഖനനം നടത്തുന്നത് ഗുരുതര പ്രശനങ്ങളുണ്ടാക്കുമെന്നതിനാല്‍ 2016 ജൂലൈ മാസം 21ന് ഇവിടെ എല്ലാ തരം പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ അന്നത്തെ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിന്നു. ജില്ലാ കലക്ടറുടെ സ്റ്റോപ്പ് മെമ്മോ നില നില്‍ക്കുമ്പോഴാണ് ഗ്രാമപ്പഞ്ചായത് ക്രഷര്‍ യൂനിറ്റാനായി കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയത്.
2012ല്‍ സുനീറിന് ലഭിച്ച കെട്ടിട നിര്‍മാണ അനുമതി പഞ്ചായത്ത് പുതുക്കി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പെര്‍മിറ്റ് പുതുക്കി നല്‍കിയിട്ടുള്ളത്. മാര്‍ച്ച് പതിനാറിന് പഞ്ചായത്ത് സെക്രട്ടറിയുടെ എ4 /3133 / 16 നമ്പര്‍ ഉത്തരവ് പ്രകാരമാണ് അനുമതി നല്‍കിയത്. 2018 ജൂണ്‍ 25 വരെ ഈ ബില്‍ഡിങ് പെര്‍മിറ്റിന് കാലാവധിയുണ്ട്. അതേ സമയം നിലവിലുള്ള ഭരണസമിതി അധികാരത്തിലെത്തിയ ശേഷം ഒരു വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തിക്കും പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കിയിട്ടില്ലെന്നും ഉടുമ്പിറങ്ങിമലയുമായി ബന്ധപ്പെട്ട ഒരു അപക്ഷയും ഭരണ സമിതിയുടെ മുന്നില്‍ എത്തിയിട്ടില്ലെന്നും വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. എന്നാല്‍ മുന്‍പ് അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍ അത് പുതുക്കി നല്‍കാന്‍ നിശ്ചിത ഫീസ് അടച്ചു അപേക്ഷ നല്‍കിയാല്‍ അത് നല്‍കാതിരിക്കാന്‍ കഴിയില്ലെന്നും അന്ന് ചുമതലയുണ്ടായിരുന്ന സെകട്ടറി പറഞ്ഞു.

RELATED STORIES

Share it
Top