ഉടുമ്പിറങ്ങിയില്‍ ഖനനം: സിപിഎം സമ്മതിച്ചിരുന്നതായി വെളിപ്പെടുത്തല്‍

ഉടുമ്പിറങ്ങിയില്‍ ഖനനം: സിപിഎം
സമ്മതിച്ചിരുന്നതായി വെളിപ്പെടുത്തല്‍വാണിമേല്‍: വിലങ്ങാട് ഉടുമ്പിറങ്ങി മലയില്‍ കരിങ്കല്‍ ഖനനം നടത്താന്‍ സിപിഎം സമ്മതിച്ചിരുന്നതായി വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നു അച്ചടക്ക നടപടി നേരിട്ട എ ജെ ജോസാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. ഉടുമ്പിറങ്ങി മലയില്‍ ഖനനത്തിന് പഞ്ചായത്തിന് അപേക്ഷ നല്‍കുന്ന സമയത്ത് തന്നെ സിപിഎം വിലങ്ങാട് ബ്രാഞ്ച് കമ്മിറ്റിക്കും അവര്‍ അപേക്ഷ നല്‍കിയിരുന്നു. ബ്രാഞ്ച് യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം ഖനനത്തിന് പാര്‍ട്ടി എതിര് നില്‍ക്കില്ലെന്ന് വാക്കാല്‍ മറുപടി നല്‍കി. നിലവില്‍ ഉടുമ്പിറങ്ങി മലയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്ന് വാദിക്കുന്ന പാര്‍ട്ടി അത് തെളിയിക്കണമെന്നും ജോസ് പറഞ്ഞു.
ഖനനം നടത്താനും ക്രഷര്‍ യൂനിറ്റ് സ്ഥാപിക്കാനും ആവശ്യമായ രേഖകളെല്ലാം കൈവശമുണ്ടെന്നും എല്ലാ രേഖകളും പഞ്ചായത്തിന് സമര്‍പ്പിച്ച ശേഷമാണ് പഞ്ചായത്ത് പെര്‍മിറ്റ് പുതുക്കി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 2015ല്‍ വാണിമേല്‍ പഞ്ചായത്ത് ഭരണസമിതി നിശ്ചയിച്ച ഉപസമിതി നല്‍കിയ റിപോര്‍ട്ടിലും ഉടുമ്പിറങ്ങി മലയില്‍ ഖനനം നടത്തുന്നതിന് അനുമതി നല്‍കാമെന്നായിരുന്നു ശുപാര്‍ശ.
സിപിഎം പ്രതിനിധികളായ ടി കെ കുമാരന്‍, കെ പി വസന്തകുമാരി എന്നീ ജനപ്രതിനിധികളും ഇതിന് അനുകൂലമായാണ് അന്ന് റിപോര്‍ട്ടില്‍ ഒപ്പുവച്ചത്. കഴിഞ്ഞ ആഴ്ച സിപിഎം നേതാക്കള്‍ ഉടുമ്പിറങ്ങി മലയില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് പാര്‍ട്ടി ഖനനത്തിന് എതിരായതെന്നും ജോസ് പറഞ്ഞു. സിപിഎം ലോക്കല്‍ കമ്മിറ്റി മെംബര്‍മാര്‍ നടത്തിയ സന്ദര്‍ശനത്തില്‍ നിന്നു ഡിവൈഎഫ്‌ഐ  ബ്ലോക്ക് സെക്രട്ടറി കൂടിയായ ലോക്കല്‍ കമ്മിറ്റി അംഗം വിട്ടുനിന്നിരുന്നു.
പാര്‍ട്ടിയിലെ ഉന്നതര്‍ ഇടപെട്ട് ഖനനത്തിന് അനുകൂലമായ നിലപാടെടുക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട് എന്ന് മനസ്സിലാക്കിയായിരുന്നത്രെ ഇത്. എന്നാല്‍ അന്നു രാത്രി തന്നെ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന് ഡിവൈഎഫ്‌ഐ തിയിട്ടതോടെ സമരം ശക്തമാവുകയായിരുന്നു.

RELATED STORIES

Share it
Top