ഉടുമ്പിറങ്ങിമല: സിപിഎം ബ്രാഞ്ച് അംഗത്തെ പുറത്താക്കി

വാണിമേല്‍: വിലങ്ങാട് ഉടുമ്പിറങ്ങിമല കരിങ്കല്‍ ഖനന വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെതിരായി പ്രവര്‍ത്തിച്ച സിപിഎം ബ്രാഞ്ചംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിലങ്ങാട് ബ്രാഞ്ച് മെംബര്‍ എ ജെ ജോസിനെതിരേയാണ് പാര്‍ട്ടി നടപടി. ഖനന വിഷയത്തില്‍ വാണിമേല്‍ ലോക്കലിലെ സിപിഎമ്മിന്റെ നിലപാടിന് വിരുദ്ധമായ സമീപനം സ്വീകരിച്ചതിനാണ് നടപടി.
വിലങ്ങാട് ബ്രാഞ്ച് കമ്മിറ്റിയുടെ ശുപാര്‍ശയില്‍ വാണിമേല്‍ ലോക്കല്‍ കമ്മിറ്റിയാണ് നടപടിയെടുത്തത്. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് തീരുമാനം. എന്നാല്‍ തീരുമാനം ബ്രാഞ്ച് കമ്മിറ്റിയില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.
അതേസമയം അച്ചടക്ക നടപടിയെക്കുറിച്ച് തനിക്ക് ഔദേ്യാഗിക അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് ജോസ് പ്രതികരിച്ചു. പാര്‍ട്ടി പറയുന്നത്‌പോലെ ഉടുമ്പിറങ്ങിയിലെ ക്രഷര്‍ യൂനിറ്റ് അനധികൃതമല്ലെന്നും ഉത്തരവാദപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്നും ജോസ് പറഞ്ഞു. 2012 ല്‍ ഉടുമ്പിറങ്ങി മലയില്‍ ഖനന നീക്കം ആരംഭിച്ച കാലം മുതല്‍ ശക്തമായ ജനകീയ പ്രക്ഷോഭം നടന്നുവരികയാണ്. 2015ല്‍ ഉടുമ്പിറങ്ങി മലയില്‍ ഡിവൈഎഫ് ഐ നേതൃതത്തില്‍ നടന്ന സമരത്തോടെ കലക്ടര്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തോളമായി പരസ്യമായും അതിന് മുന്നേ രഹസ്യമായും ഖനനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും നിലവില്‍ കരിങ്കല്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുകയാണ് ജോസ്. വിലങ്ങാട് മേഖലയിലെ സിപിഎമ്മിന്റെ പ്രധാന പ്രവര്‍ത്തകരിലൊരാളാണ് ജോസ്.

RELATED STORIES

Share it
Top