ഉടുമ്പിറങ്ങിമലയിലെ ഖനനം: യന്ത്രം കൊണ്ടുപോവുന്നത് തടഞ്ഞു

നാദാപുരം: വിലങ്ങാട് ഉടുമ്പിറങ്ങി മലയില്‍ ഖനന പ്രവൃത്തിക്കായി കൊണ്ടുവന്ന ഹിറ്റാച്ചി മെഷീന്‍ തിരികെ കൊണ്ടുപോവാനുള്ള തൊഴിലാളികളുടെ ശ്രമം പ്രദേശവാസികള്‍ തടഞ്ഞു. ബുധനാഴ്ച്ച രാവിലെയാണ് മലയോരത്തുനിന്ന് ഇറക്കി കൊണ്ടുവന്ന ഹിറ്റാച്ചി മെഷീ ന്‍ ലോറിയിലാക്കി കൊണ്ടു പോവാന്‍ ശ്രമിച്ചത്. പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ മെഷീന്‍ കൊണ്ടുപോവുന്നത് തടഞ്ഞു.
ക്വാറിയിലേക്ക് റോഡ് നിര്‍മിക്കുന്നതിനായി പ്രദേശ വാസിയായ വെളുത്ത പറമ്പത്ത് സന്തോഷിന്റെ വീടിന്റെ മുന്‍ ഭാഗത്തെ തോട് നികത്തിയാണ് മുകള്‍ ഭാഗത്തേക്ക് റോഡ് നിര്‍മിച്ചത്. ഇടിച്ച് പൊളിച്ച സ്ഥലം പുനര്‍നിര്‍മിച്ച് തരാമെന്ന് ക്വാറിയിലെ തൊഴിലാളികളും മറ്റും ഇവര്‍ക്ക് വാക്ക് നല്‍കിയിരുന്നു. ഇത് പാലിക്കാതെ ഹിറ്റാച്ചിയുമായി കടക്കാന്‍ ശ്രമിച്ചതാണ് മെഷീന്‍ തടയാന്‍ കാരണമൊയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
സമീപത്ത് തന്നെയുള്ള ഇരുപ്പക്കാട്ട് ബൈജുവിന്റെ വീട്ടിലേക്കുള്ള റോഡും ക്വാറിയിലേക്ക് വാഹനം കൊണ്ട് പോവാന്‍ തകര്‍ത്തിരുന്നു. ഇതും പുനര്‍നിര്‍മിക്കാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെയാണ് പ്രദേശ വാസികള്‍ സംഘടിച്ചെത്തിയത്. റോഡിന് താഴെ ലോറിയിലേക്ക് കയറ്റാനുള്ള ശ്രമം തടഞ്ഞതോടെ ഹിറ്റാച്ചി റോഡില്‍ ഇറക്കി വെച്ചു. വൈകുന്നേരത്തോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി. ഹിറ്റാച്ചി മെഷീന്‍ മലയോരത്തേക്ക് കൊണ്ട് പോയി.

RELATED STORIES

Share it
Top