ഉടുമ്പിറങ്ങിമലയിലെ ഖനനം ദുരിതം വിതയ്ക്കും

വാണിമേല്‍: വിലങ്ങാട് ഉടുമ്പിറങ്ങി മലയില്‍ കരിങ്കല്‍ ഖനനം നടത്തുന്നത് സമീപവാസികള്‍ക്ക് ഗുരുതരമായ ദുരിതമാകുമെന്നും പാരിസ്ഥിതിക പ്രശനങ്ങളുണ്ടാക്കുമെന്നും അതിനാല്‍ ഒരു വിധത്തിലുള്ള കരിങ്കല്‍ ഖനനവും അനുവദിക്കില്ലെന്നും സിപിഎം വാണിമേല്‍ ലോക്കല്‍ കമ്മിറ്റി. ഇന്നലെ ഉടുമ്പിറങ്ങി മലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം നടത്തിയ പത്രക്കുറിപ്പിലാണ് സിപിഎം ഇക്കാര്യം അറിയിച്ചത്.
ഖനന മാഫിയ വാങ്ങിക്കൂട്ടിയ സ്ഥലത്തുള്ള ഉടുമ്പിറങ്ങി തോട് ഭാഗികമായി നികത്തിയ നിലയിലാണുള്ളത്. ആരുടെയും അനുവാദം വാങ്ങാതെ തോട് നികത്തി കോണ്‍ക്രീറ്റ് പാലവും പണിതിട്ടുണ്ട്. നിയമപരമായ മാര്‍ഗത്തിലൂടെയല്ലാതെ പാലംപണിതവര്‍ക്കെതിരേ പഞ്ചായത്ത് ഭരണസമിതി നിയമ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മഴക്കാലത്ത് ഉരുള്‍പ്പൊട്ടല്‍ ഭീഷണിയുള്ള പ്രദേശത്ത് ഖനനം നടത്തുന്നത് വന്‍ ദുരന്തത്തിന് കാരണമായേക്കും. ഉടുമ്പിറങ്ങിമലയോട് ചേര്‍ന്ന് കിടക്കുന്ന അടിച്ചിപ്പാറമല കല്ലുരുളല്‍ ഭീഷണി നേരിടുന്ന പ്രദേശമാണ്. കാലവര്‍ഷക്കാലത്ത് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന ഇവിടെ ഖനനം ദുരന്തം വിതയ്ക്കാനിടയുണ്ട്. അതിനാല്‍ ഒരു തരത്തിലും ഖനനം അനുവദിക്കില്ലെന്ന് ലോക്കല്‍ കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം ഡിവൈഎഫ്‌ഐ ഖനനം തടയണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്.അടുത്ത ദിവസം ജില്ലാ ഭരണകൂടം ഉടുമ്പിറങ്ങി മല സന്ദര്‍ശിക്കുമെന്നാണ് വിവരം.

RELATED STORIES

Share it
Top