ഉടുതുണിക്ക് മറുതുണിയില്ലാതെ ഒരു മുഖ്യമന്ത്രി

ഇന്ദ്രപ്രസ്ഥം നിരീക്ഷകന്‍
തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം പോലും തികച്ചില്ല. നാലു വര്‍ഷം ഭരിച്ച കൂട്ടര്‍ക്ക് അവകാശപ്പെടാന്‍ എന്താണ് കാര്യമായി ഉള്ളതെന്ന ചോദ്യം എവിടെയും ഉയരുന്നുണ്ട്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി കെജ്‌രിവാള്‍ തന്നെ സമരരംഗത്താണ്. തികഞ്ഞ ഗാന്ധിയന്‍ സമരം. കെജ്‌രിവാള്‍ സര്‍ക്കാരിനെ അനങ്ങാന്‍ സമ്മതിക്കാത്ത ലഫ്റ്റനന്റ് ഗവര്‍ണറാണ് അവരുടെ ശാപം. ടിയാന്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് മാത്രമേ കേള്‍ക്കൂ. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എംഎല്‍എമാരെയും കക്ഷിക്കു പുല്ലാണ്. കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്ന് എന്തു നിര്‍ദേശമാണോ ലഭിക്കുന്നത്, അതാണ് പുള്ളിക്കാരനു വേദവാക്യം. കുറേക്കാലമായി ഇതുതന്നെയാണ് അനുഭവം. ഗതികെട്ടാണ് കെജ്‌രിവാളും സംഘവും അവസാനത്തെ കൈയായി സമരമെന്നു നിശ്ചയിച്ചത്. ആറു ദിവസമായി അവിടെ ലഫ്റ്റനന്റ് ഗവര്‍ണറുടെ സ്വീകരണമുറിയില്‍ ഒരു സോഫയില്‍ സത്യഗ്രഹം ഇരിക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. ഉപമുഖ്യമന്ത്രി സിസോദിയ നിരാഹാര സത്യഗ്രഹവും തുടങ്ങിയിട്ടുണ്ട്. ഗാന്ധിജി പോലും ഇങ്ങനെയൊരു സൂപ്പര്‍ സത്യഗ്രഹം നടത്തിയ ചരിത്രമില്ല. അങ്ങേര് നേരത്തേ തിയ്യതിയും സ്ഥലവും പ്രഖ്യാപിച്ചാണ് സമരം തുടങ്ങുക. കെജ്‌രി നേരെ തിരിച്ചാണ്. സ്വീകരണമുറിയില്‍ വന്നത് ഗവര്‍ണറെ കാണാനാണ്. ടിയാന്‍ മര്യാദ കാണിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവിടെ തുടങ്ങി സത്യഗ്രഹം. ഭരണവും സമരവും എന്ന തത്ത്വം ഇന്ത്യയില്‍ ആദ്യമായി രംഗത്തുകൊണ്ടുവന്നത് നമ്മുടെ പഴയ ഇഎംഎസ് നമ്പൂതിരിപ്പാടാണ്. അന്ന് കേന്ദ്രത്തിനെതിരേ സമരവും കേരളത്തില്‍ ഭരണവും ഒന്നിച്ചാണ് അങ്ങേരും പാര്‍ട്ടിയും നടത്തിയത്. ഇപ്പോള്‍ കേന്ദ്രവിരുദ്ധത അദ്ദേഹത്തിന്റെ അനുയായികള്‍ പറയാറില്ല. കേരളത്തിലെ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി കേന്ദ്രത്തിലെ കവാത്തുരാഷ്ട്രീയക്കാരുടെ ഇഷ്ടതോഴനാണെന്നാണ് കേട്ടുകേള്‍വി. പ്രധാനമന്ത്രിയെ കാണാന്‍ നേരത്തേ അനുവാദം ചോദിക്കാതെ ചെന്നാല്‍ പോലും അദ്ദേഹത്തിനു കാര്യം സാധിക്കും എന്നാണ് എ കെ ആന്റണി പോലും പറയുന്നത്. ആന്റണിക്ക് കാര്യം അറിയുമായിരിക്കണം. കാരണം, പത്തുപതിനഞ്ചു കൊല്ലമായി അങ്ങേര് ഡല്‍ഹിയില്‍ തന്നെ ഇരിപ്പാണ്. നേരത്തേ പ്രതിരോധ മന്ത്രിയും ഒക്കെയായി ഇരിക്കുന്ന സമയത്ത് അത്യാവശ്യം തിക്കും തിരക്കും ഒക്കെയുള്ള നേതാവായിരുന്നു. ഇപ്പോള്‍ കാര്യമായി പണിയൊന്നുമില്ല. രാഹുല്‍ ഗാന്ധിയെ ഉപദേശിക്കുകയാണ് പ്രധാന പണിയെന്നു കേള്‍ക്കുന്നു. ചിലര്‍ പറയുന്നത് പാര്‍ട്ടിയിലെ പഴയ സുഹൃത്തും പ്രതിയോഗിയും ഒക്കെയായ ഉമ്മന്‍ചാണ്ടിക്ക് വേലവയ്ക്കുകയാണ് പുള്ളിക്കാരന്റെ വിശ്രമവേളയിലെ വിനോദപ്രവൃത്തി എന്നാണ്. അതിനു പറ്റിയ പുതിയൊരു കൂട്ടുകാരനെയും കിട്ടിയിട്ടുണ്ടത്രേ- ആദര്‍ശത്തിന്റെ ആള്‍രൂപമായ വി എം സുധീരന്‍. പണ്ട് കെപിസിസി അധ്യക്ഷനായി ഇരുന്ന മാന്യദേഹമാണ്. അന്നു ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തുകയായിരുന്നു പ്രധാന ജോലി. അതു കേന്ദ്രത്തിലെ ഏതോ ദിവ്യന്റെ ഇംഗിതമറിഞ്ഞു ചെയ്ത ഉപകാരസ്മരണയാണെന്ന് ചിലര്‍ പറയുന്നുണ്ട്. പേരില്ലാതെ ഇരിക്കുന്ന ആ പരമദിവ്യന്‍ ആന്റണി തന്നെയാണെന്നു ചില ദോഷൈകദൃക്കുകള്‍ പറയുന്നുമുണ്ട്. ഏതായാലും വിഷയം അതല്ല. ഭരണവും സമരവും എന്ന രീതി മാറ്റി നാഗ്പൂര്‍ സംഘത്തിന്റെ ആത്മമിത്രം എന്ന നിലയിലേക്ക് നമ്പൂതിരിപ്പാടിന്റെ ശിഷ്യഗണം പുരോഗമിച്ച വിഷയമാണ് പറഞ്ഞുവന്നത്. ആ കൂട്ടര്‍ സമരം നിര്‍ത്തിയപ്പോള്‍ ചെങ്കൊടിയുടെ സമരവീര്യം ഉയര്‍ത്തി ആഞ്ഞടിക്കുന്നത് കെജ്‌രിയെപ്പോലുള്ള പുത്തന്‍ തലമുറ രാഷ്ട്രീയക്കാരാണ്. കെജ്‌രി സംഘത്തിന്റെ സമരം ജയിച്ചാലും തോറ്റാലും ശരി, അത് നാടെങ്ങും വലിയൊരു സംഭവമായി മാറുകയാണ്. ഒരു മുഖ്യമന്ത്രിയും ഇന്നേവരെ ഒരു കൊടും സത്യഗ്രഹത്തിനു തയ്യാറാവേണ്ടിവന്നിട്ടില്ല. ഗവര്‍ണറുടെ വീട്ടില്‍ ഉടുതുണിക്കു മറുതുണിയില്ലാതെയാണ് മുഖ്യമന്ത്രി കഴിയുന്നത്. ഇനി ഗാന്ധിജിയെപ്പോലെ വെറും തോര്‍ത്തും ഊന്നുവടിയുമായി നേരെ പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് ദണ്ഡിയാത്ര മോഡല്‍ യാത്ര സംഘടിപ്പിക്കും എന്നാണ് കെജ്‌രി പറയുന്നത്. ഇതെല്ലാം വെറും ട്രിക്ക് എന്നു പറയാന്‍ വരട്ടെ. ഗാന്ധിയുടെ സമരവും വെറും ട്രിക്കായി അവതരിപ്പിക്കാമല്ലോ. കാരണം, അദ്ദേഹം ഒരു കഷണം ഉപ്പ് കടലോരത്തു നിന്നു പെറുക്കുക മാത്രമാണ് ചെയ്തത്. പക്ഷേ, എങ്ങനെയാണ് അത് അവസാനിച്ചത് എന്നത് ചരിത്രമാണ്. മോദിക്ക് പക്ഷേ രാമായണകാലത്തെ ചരിത്രം മാത്രമേ അറിയുകയുള്ളൂ. തന്റെ കാലിലെ മണ്ണ് ചോര്‍ന്നുപോവുകയാണെന്നു കക്ഷി അറിയുന്നതായി തോന്നില്ല. എങ്ങനെ അറിയും? നാട്ടിലൂടെ നടന്നിട്ടു വേണ്ടേ അറിയാന്‍? തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മോദിയാശാന് അതിനു സൗകര്യം കിട്ടട്ടെ എന്ന് ആശംസിക്കുക.       ി

RELATED STORIES

Share it
Top