ഉച്ചക്കഞ്ഞിയില്‍ ഭക്ഷ്യവിഷബാധ; നൂറോളം കുട്ടികള്‍ ചികില്‍സ തേടി

കാഞ്ഞങ്ങാട്: അരയി ഗവ. യുപി സ്‌കൂളില്‍ നിന്നും നല്‍കിയ ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് നൂറോളം വിദ്യാര്‍ഥികള്‍ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടി.
ആരുടെയും നില ഗുരുതരമല്ല. ചൊവ്വാഴ്ച്ച ഉച്ചക്ക് സ്‌കൂളില്‍ നിന്നും നല്‍കിയ ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റന്നാണ് നിഗമനം. രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 20ഓളം കുട്ടികള്‍ ചികില്‍സയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങി. ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ കുട്ടികളില്‍ പകുതി പേരും വയറിളക്കവും ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. പ്രി-പ്രൈമറി തൊട്ട് ഏഴാം തരം വരെ ഇരുന്നൂറിലധികം കുട്ടികളാണ് വിദ്യാലയത്തില്‍ പഠിക്കുന്നത്. ചൂടാക്കാതെ നല്‍കിയ തൈര് കറിയാണ് വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശുചിത്വ രഹിതമായ അടുക്കളയും പരിസരവും വൃത്തിയാക്കാന്‍ നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, കൗണ്‍സിലര്‍ സി കെ വല്‍സലന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, നൂണ്‍ മീല്‍ ഓഫിസര്‍ സജിത്ത്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉച്ചഭക്ഷണശാല, സ്‌റ്റോര്‍ റൂം, കുടിവെള്ള ടാങ്ക്, പാത്രങ്ങള്‍ എന്നിവ പരിശോധനക്ക് വിധേയമാക്കി. അതേസമയം സ്‌കൂളിലെ ഭക്ഷ്യവിഷബാധ സ്‌കൂള്‍ അധികൃതര്‍ മറച്ചുവെച്ചെന്നാരോപിച്ച് സ്‌കൂളിനു മുന്നില്‍ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു.
ഉച്ചഭക്ഷണ പാചക തൊഴിലാളിയോട് ഭക്ഷണം പാചകം നിര്‍ത്തിവെക്കാന്‍ നഗരസഭാ കൗണ്‍സിലറുടെയും പിടിഎ. പ്രസിഡന്റിന്റെയും മദര്‍ പിടിഎ പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ രക്ഷിതാക്കള്‍ നിര്‍ദ്ദേശം നല്‍കി.

RELATED STORIES

Share it
Top