'ഉംറ്റിറ്റിക്കൊരു ഉമ്മ' ബെല്‍ജിയത്തെ വീഴ്ത്തി ഫ്രാന്‍സ് ഫൈനലില്‍


സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ബെല്‍ജിയത്തെ തകര്‍ത്ത് ഫ്രാന്‍സ് ഫൈനലില്‍. രണ്ടാം പകുതിയില്‍ സാമുവല്‍ ഉംറ്റിറ്റി നേടിയ ഹെഡ്ഡര്‍ ഗോളിന്റെ കരുത്തില്‍ 1-0നാണ് ഫ്രഞ്ച് പട വിജയം സ്വന്തമാക്കിയത്.
നിര്‍ണായക മല്‍സരത്തില്‍ 3-5-2 ഫോര്‍മാറ്റില്‍ ബെല്‍ജിയം ബൂട്ടണിഞ്ഞപ്പോള്‍ ഒലിവര്‍ ജിറൗഡിനെ കുന്തമുനയാക്കി 4-2-3-1 ഫോര്‍മാറ്റിലായിരുന്നു ദിദിയര്‍ ദെശാംപ്‌സെ ഫ്രാന്‍സിനെ വിന്യസിച്ചത്. ലോക ഫുട്‌ബോളിലെ കരുത്തന്‍മാര്‍ മുഖാമുഖം പോരടിച്ച മല്‍സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ മികച്ച മുന്നേറ്റത്തിലൂടെ കൈയടി നേടിയത് ബെല്‍ജിയമാണ്. അഞ്ചാം മിനിറ്റില്‍ വലത് വിങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ബെല്‍ജിയം നായകന്‍ ഈഡന്‍ ഹസാര്‍ഡ് ബോക്‌സിലേക്ക് ക്രോസ് നല്‍കിയെങ്കിലും ഉംറ്റിറ്റി കോര്‍ണര്‍ വഴങ്ങി അപകടം ഒഴിവാക്കി. തുടക്കത്തിലെ പതറിച്ച ശേഷം പതിയെ മല്‍സരത്തിലേക്ക് തിരിച്ചെത്തിയ ഫ്രാന്‍സ് ഒമ്പതാം മിനിറ്റില്‍ ബെല്‍ജിയത്തെ ഞെട്ടിച്ചു. പോസ്റ്റിന് മുന്നിലേക്ക് ലഭിച്ച പന്തിനെ പിടിച്ചെടുക്കാന്‍ അന്റോണിയോ ഗ്രിസ്മാന് സാധിക്കാതെ വന്നതോടെ ബെല്‍ജിയം രക്ഷപെടുകയായിരുന്നു.
12ാം മിനിറ്റില്‍ എംബാപ്പയുടെ മുന്നേറ്റം ബെല്‍ജിയം ഗോളി കുര്‍ട്ടോയ്‌സിന്റെ മികവിന് മുന്നില്‍ ഗോളാകാതെ പോയി. പ്രതിരോധത്തില്‍ വര്‍ട്ടോഗന്‍ മാത്രം നില്‍ക്കെ എംബാപ്പയ്്ക്ക് ലഭിച്ച സുവര്‍ണാവസരം  കുര്‍ട്ടോയ്‌സ് മുന്നോട്ട് കയറി തട്ടിയകറ്റുകയായിരുന്നു. നാല് മിനിറ്റിനുള്ളില്‍ ഹസാര്‍ഡിലൂടെ വീണ്ടും ബെല്‍ജിയത്തിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഹസാര്‍ഡിന്റെ ഷോട്ട് ഗോളിയെ മറികടന്നെങ്കിലും പോസ്റ്റിന് അരികിലൂടെ കടന്നുപോവുകയായിരുന്നു. ഇരു കൂട്ടരും അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നെങ്കിലും നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം മാത്രം അകന്നു നിന്നു. 30ാം മിനിറ്റില്‍ എംബാപ്പെയെ വിറ്റ്‌സെല്‍ ഫൗള്‍ ചെയ്തതിന് ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് നിര്‍ഭാഗ്യവശാല്‍ ഗോളാകാതെ പോയി. ഗ്രിസ്മാന്‍ നല്‍കിയ പാസില്‍ പവാര്‍ഡ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തിനെ ജിറൗഡ് ഹെഡ്ഡര്‍ ചെയ്‌തെങ്കിലും ലക്ഷ്യത്തിലേക്കെത്തിയില്ല. തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ ഗ്രിസ്മാന്‍ തൊടുത്ത ബുള്ളറ്റ് ഷോട്ട് ബെല്‍ജിയം ഗോള്‍പോസ്റ്റിന് മുകളിലൂടെ പറന്നു. ആദ്യ പകുതിയിലെ പിന്നീടുള്ള സമയത്തും ലക്ഷ്യം കണ്ടെത്താന്‍ ഇരു കൂട്ടര്‍ക്കും സാധിക്കാതെ വന്നതോടെ ആദ്യ പകുതി ഗോള്‍രഹിതമായി പിരിയേണ്ടി വന്നു.
എന്നാല്‍ രണ്ടാം പകുതിയുടെ 51ാം മിനിറ്റില്‍ ഫ്രാന്‍സ് അക്കൗണ്ട് തുറന്നു. ഗ്രിസ്മാന്‍ എടുത്ത കോര്‍ണറിനെ മനോഹരമായ ഹെഡ്ഡറിലൂടെ സാമുവല്‍ ഉംറ്റിറ്റി വലയിലാക്കുകയായിരുന്നു. ലീഡ് വഴങ്ങിയതോടെ ബെല്‍ജിയം നിര സമനിലയ്ക്കായി പൊരുതി നോക്കിയെങ്കിലും ലക്ഷ്യങ്ങളെല്ലാം പിഴച്ചു. പിന്നീടുള്ള സമയത്ത് ഫ്രാന്‍സിന്റെ പ്രതിരോധത്തിന് മുന്നില്‍ ബെല്‍ജിയത്തിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഏകപക്ഷീയമായ ഒരു ഗോളിന്റെ കരുത്തില്‍ ഫ്രാന്‍സ് ഫൈനലിലേക്ക് ടിക്കറ്റെടുത്തു.

RELATED STORIES

Share it
Top