ഈ വര്‍ഷവും പരീക്ഷാ നടത്തിപ്പുകാരെ തികഞ്ഞില്ല

കോട്ടക്കല്‍: ഹയര്‍സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പിന് അധ്യാപകര്‍ തികയാതെ വന്നപ്പോഴും പരീക്ഷ ചുമതല ഏറ്റെടുക്കാതെ നിരവധി അധ്യാപകര്‍ മാറി നിന്നു.
പ്ലസ് ടു പരീക്ഷക്ക് ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍കൂടി പരീക്ഷക്കെത്തിയതോടെ ഓരോ സ്‌കൂളുകളിലും 40 മുതല്‍ 55 വരെ പരീക്ഷാഹാളുകളിലായാണ് പരീക്ഷ നടത്തിയത്. ഇതിനായി മിക്ക സ്‌കൂളുകളിലേക്കും 20 മുതല്‍ 28 വരെ അധ്യാപകരെ മാത്രമാണ് അധികൃതര്‍ നിയമിച്ചിട്ടുള്ളത്.ബാക്കിവരുന്ന ഇടങ്ങളിലേക്ക് സ്‌കൂളുകളിലുണ്ടായിരുന്ന താല്‍കാലികധ്യാപകര്‍, സമിപത്തെ എല്‍പി, യുപി സ്‌കൂള്‍ അധ്യാപകര്‍ അതിനുപുറമേ സമീപത്തെ പ്രൈവറ്റ് സ്ഥാപനത്തിലെ അധ്യാപകരെ വരെ ഉപയോഗിച്ച് തട്ടിമുട്ടി പരീക്ഷനടത്തുകയായിരുന്നു. അതേ സമയം പരീക്ഷാ ചുമതല ഏറ്റെടുക്കേണ്ടിയിരുന്ന നിരവധി അധ്യാപകര്‍ വ്യക്തമായ കാരണങ്ങളില്ലാതെ മാറി നിന്നു.ഹൈസ്‌ക്ൂള്‍ ഹയര്‍ സെക്കന്ററി അധ്യാപകരെ പരീക്ഷാ ചുമതലക്ക് ലഭിക്കാതിരുന്നതോടെ പകരം യുപി, എല്‍പി സ്‌കൂളുകളില്‍ നിന്നായി അധ്യാപകരെ നിയമിച്ചപ്പോള്‍ അവിടത്തെ കുട്ടികള്‍ക്ക് പഠനം മുടങ്ങുന്ന സാഹചര്യമുണ്ടായി.
പ്രധാനമായും എയ്ഡഡ് സ്‌കൂളിലെ അധ്യാപരാണ് ഇത്തരത്തില്‍ മാറിനിന്നത്. എന്നാല്‍ അതില്‍ മിക്കയാളുകളും സ്വന്തം സ്‌കൂളിലെത്തി പരീക്ഷാസമയത്തുവരെ പരീക്ഷാഹാളില്‍ കയറിയിറങ്ങി. ഇവര്‍ കുട്ടികള്‍ക്ക് ഉത്തരം സംബന്ധിച്ച സൂചനകള്‍ നല്‍കിയതായും പരാതി ഉയര്‍ന്നിരുന്നു. കാലങ്ങളായി പരീക്ഷാ ചുമതല ഏല്‍ക്കാതെ മുങ്ങി നടക്കുന്നവരുമുണ്ട്.
മറ്റു സ്‌കൂളുകളിലെ പരീക്ഷാ ചുമതല ഏറ്റെടുക്കാത്ത അധ്യാപകര്‍ സ്വന്തം സ്‌കൂളിലെ നിന്നും ഒരു മണിക്കുമുമ്പേ വിട്ടുപോകണമെന്ന നിയമുണ്ടായിരിക്കേ അതു പാലിക്കാതെയാണ് മറ്റ് അധ്യാപകരുടെ ചുമതലയിലുള്ള പരീക്ഷാ ഹാളില്‍ കറങ്ങി നടക്കുന്നത്. പരീക്ഷാ ചമുതല ഏറ്റെടുക്കാത്ത അധ്യാപകരുടെ ലീവ് വ്യക്തമായി പരിശോധിക്കണമെന്ന ആവശ്യം ചില അധ്യാപകര്‍ തന്നെ ഉന്നയിക്കുന്നുണ്ട്.

RELATED STORIES

Share it
Top