ഈ 'യന്തിരന്‍' നേന്ത്രക്കായ കടലാസുപോലെ അരിഞ്ഞിടും

മലപ്പുറം: നേന്ത്രക്കായ ചിപ്‌സുണ്ടാക്കാന്‍  ഇനി കൂടുതല്‍ വിയര്‍ക്കേണ്ടി വരില്ല. ഇതിനുള്ള യന്ത്രവുമായാണ് ആ ഗണിത അധ്യാപകന്റെ രണ്ടാം വരവ്. കണ്ണൂര്‍ സ്വദേശിയും തിരൂര്‍ ഫാത്തിമമാതാ സ്‌കുളിലെ കണക്ക് വാദ്യാരുമായ ജോയ് അഗസ്റ്റിനാണ് പുതിയ കണ്ടുപിടിത്തവുമായി എത്തിയിരിക്കുന്നത്. തൊലി കളഞ്ഞ നേന്ത്രക്കായ മെഷീനിലിട്ടാല്‍ നിമിഷ നേരം കൊണ്ട് ചെറുതായി അരിയാം. സമയം പാഴാക്കാതെ വറചട്ടിയിലേക്കിടേണ്ട പ്രവൃത്തി മാത്രമേ പിന്നീടുള്ളു. ഏതു കനത്തിലും നേന്ത്രക്കായയെ അരിഞ്ഞു മാറ്റാം.
ചട്ടിയിലേക്കോ വെള്ളത്തിലേക്കോ പാത്രത്തിലേക്കോ നേരിട്ടോ അല്ലാതെയോ അരിഞ്ഞിടാനാവും. ഒരു നോബ് ഇടത്തോട്ടോ വലത്തോട്ടോ തിരിച്ചാല്‍ ചിപ്‌സിന്റെ കനം കുറയ്ക്കുകയും കൂട്ടുകയുമാവാം. നേന്ത്രക്കായയുടെ കറ കളയാന്‍ രണ്ട് ബ്രഷുകളുമുണ്ട്. അര എച്ച്പിയുടെ മോട്ടോറിലാണ് പ്രവര്‍ത്തനം. മണിക്കൂറില്‍ രണ്ട് ക്വിന്റല്‍ വരെ നേന്ത്രക്കായ അരിയാം.
ഏകദേശം 15,000 മുതല്‍ 18,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. 15 വര്‍ഷത്തെ കണ്ടു പിടിത്തമാണ് ഇതെന്ന്് അധ്യാപകന്‍ വിശദീകരിച്ചു. പുതിയ കണ്ടു പിടിത്തത്തിന് ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റി, കേരള ശാസ്ത്ര ഭവന്‍ എന്നിവയുടെ ഗ്രാന്റും തവനൂര്‍ എന്‍ജിനീയറിങ് കോളജിന്റെയും മറ്റും പ്രോല്‍സാഹനവുമുണ്ട്. ഇതിനിടെ പേറ്റന്റും നേടിയെടുത്തു. വ്യവസായികാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ജോയ് അഗസ്റ്റിന്‍.

RELATED STORIES

Share it
Top