ഈ മാസം സസ്‌പെന്‍ഡ് ചെയ്തത് 74 ഡ്രൈവര്‍മാരുടെ ലൈസന്‍സ്

തിരൂരങ്ങാടി: മലപ്പുറം ആര്‍ടിഒക്ക് കീഴിലുള്ള ഹൈവേ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഈ മാസം നടത്തിയ പരിശോധനയില്‍ ഗുരുതരമായ നിയമലംഘനം കണ്ടെത്തിയ 74 ഡ്രൈവര്‍മാരുടെ ലൈസെന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു വാഹനം ഓടിച്ച 54 പേരുടെയും മൂന്നുപേരെ ഇരുത്തി അപകടകരമായി വാഹനം ഓടിച്ച 13 ഇരുചക്രവാഹനക്കാരുടെയും ചുവന്ന സിഗ്‌നല്‍ അവഗണിച്ച മൂന്ന് ഡ്രൈവര്‍മാരുടെയുമാണ് ലൈസന്‍സ് റദ്ദാക്കിയത്. അപകടകരമായി വാഹനം ഓടിച്ച നാല് ബസ് ഡ്രൈവര്‍മാരുമുണ്ട്. ബുധനാഴ്ച നടത്തിയ പരിശോധനയില്‍ ഗ്യാസ് ടാങ്കര്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സഹ ഡ്രൈവരമാരില്ലാത്ത രണ്ടു ടാങ്കര്‍ ലോറികള്‍ പിടിച്ചെടുത്തു. ഫിറ്റ്‌നസ്സില്ലാതെയും സാഹായി ഇല്ലാതെയും കുട്ടികളെ കുത്തിനിറച്ചും സര്‍വീസ് നടത്തിയ സ്‌കൂള്‍ ബസ്സും പിടികൂടി. സ്‌കൂള്‍ പ്രധാനധ്യാപകര്‍ക്കെതിരെയും ഡ്രൈവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തു. സൈലന്‍സര്‍ മാറ്റി അമിതശബ്ദം പുറപ്പെടുവിച്ച ഏഴ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍, സമയ നിയന്ത്രണം പാലിക്കാത്ത നാലു ടിപ്പര്‍ ലോറി, നികുതി അടയ്ക്കാത്ത അഞ്ചു വാഹനങ്ങള്‍, പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തിയ ബസ് തുടങ്ങി 47 കേസുകളിലായി മുപ്പത്തി ഒന്നായിരം രൂപ പിഴ ഈടാക്കി. പരിശോധനയില്‍ എംവിഐ എം പി അബ്ദുല്‍ സുബൈര്‍, എഎംവിഐ പി കെ മുഹമ്മദ് ഷഫീഖ്, ഡ്രൈവര്‍ വി എസ് ബിജു എന്നിവര്‍ പങ്കെടുത്തു. ഹൈവേയില്‍ രാത്രികാല അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മുഴുവന്‍ സമയ പരിശോധന നടത്തണമെന്നാണ് ഹൈവേ പരിസരത്തു താമസിക്കുന്നവരുടെ ആവശ്യം.

RELATED STORIES

Share it
Top