ഈ നിയമം തൊഴിലാളികളെ അടിമകളാക്കാന്‍

അവകാശങ്ങള്‍  നിഷേധങ്ങള്‍ -  അംബിക
കൊല്‍ക്കത്തയിലെ പരുത്തിത്തുണി മില്ലുകളിലെ മനുഷ്യത്വരഹിതമായ തൊഴില്‍സാഹചര്യങ്ങള്‍ക്കെതിരേ 1890കളുടെ മധ്യത്തില്‍ നടന്ന സമരങ്ങളിലൂടെയാണ് ഇന്ത്യയില്‍ ട്രേഡ് യൂനിയന്‍ പ്രസ്ഥാനം ആരംഭിക്കുന്നത്. മില്ലുകളില്‍ ദിവസവും 15 മുതല്‍ 18 വരെ മണിക്കൂര്‍ പണിയെടുക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായിരുന്നു. ഇതിനെതിരേ മുംബൈ, കൊല്‍ക്കത്ത, അഹ്മദാബാദ്, സൂറത്ത്, കോയമ്പത്തൂര്‍, മദ്രാസ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന തുണിമില്ലുകള്‍, റെയില്‍വേ, തോട്ടങ്ങള്‍, പോസ്റ്റ് ആന്റ്് ടെലിഗ്രാഫ് തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പലതരത്തിലുള്ള പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. 1920ലാണ് ഓള്‍ ഇന്ത്യ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ് (എഐടിയുസി) രൂപീകരിക്കപ്പെടുന്നത്. 250ഓളം ചെറിയ യൂനിയനുകള്‍ ഇതിന്റെ ഭാഗമായിരുന്നു.
പിന്നീട് ഇന്ത്യയില്‍ നടന്ന നിരവധി തൊഴില്‍സമരങ്ങളിലൂടെയും വളര്‍ന്നുവന്ന ട്രേഡ് യൂനിയനുകള്‍ തൊഴില്‍ സുരക്ഷയ്ക്കും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യത്തിനും മതിയായ വേതനത്തിനും വേണ്ടി നടത്തിയ പോരാട്ടങ്ങളിലൂടെയുമാണ് തൊഴില്‍ നിയമങ്ങളെല്ലാം നിലവില്‍ വന്നിട്ടുള്ളത്. എന്നാല്‍, കോര്‍പറേറ്റുകളുടെ താല്‍പര്യസംരക്ഷണത്തിനായി മാത്രം ഭരണം നടത്തുന്ന ഇന്ത്യന്‍ ഭരണകൂടം ഇവ ഓരോന്നായി കവര്‍ന്നെടുക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ഇന്ത്യയില്‍ നരേന്ദ്രമോദി അധികാരമേറ്റശേഷം തൊഴിലാളികളുടെ അവകാശങ്ങള്‍ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ അവസാനത്തേതും എന്നാല്‍ വളരെ ഗൗരവമുള്ളതുമായ തൊഴിലാളിവിരുദ്ധ നടപടിയാണ് നിശ്ചിതകാല തൊഴില്‍ നിയമത്തിന് (ഫിക്‌സഡ് ടേം എംപ്ലോയ്‌മെന്റ് ആക്റ്റ്) അംഗീകാരം നല്‍കിയത്. ഇന്ത്യന്‍ തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളുടെ സുപ്രധാന നേട്ടങ്ങളിലൊന്നാണ് 1946ല്‍ നിലവില്‍ വന്ന ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് (സ്റ്റാന്റിങ് ഓര്‍ഡേഴ്‌സ്) ആക്റ്റ്. സ്റ്റാന്റിങ് ഓര്‍ഡേഴ്‌സ് ആക്റ്റ് എന്നറിയപ്പെടുന്ന ഈ നിയമത്തിന് അടുത്തകാലത്തായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയോടെ സ്ഥിരംതൊഴിലിനുള്ള അവകാശം പൂര്‍ണമായും ഇല്ലാതാക്കപ്പെടും.
ഇന്ത്യയില്‍ കരാര്‍തൊഴിലാളികള്‍ക്കും താല്‍ക്കാലിക തൊഴിലാളികള്‍ക്കും സ്ഥിരം തൊഴിലാളികളുടെ പല ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ലെങ്കിലും ദീര്‍ഘകാലം അതേ ജോലിയില്‍ തുടരാനുള്ള സാഹചര്യം നിലനിന്നിരുന്നു. എന്നാല്‍, നിശ്ചിതകാല തൊഴില്‍നിയമം പ്രായോഗികമാവുന്നതോടെ എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം തൊഴില്‍ ലഭിക്കുന്നവരായി മുഴുവന്‍ തൊഴിലാളികളും മാറ്റപ്പെടും. തുല്യജോലിക്ക് തുല്യവേതനം എന്ന സുപ്രിംകോടതി വിധിയും ഇതോടെ അപ്രസക്തമാവും. അരക്ഷിതരായ തൊഴിലാളികള്‍ കുറഞ്ഞ വേതനത്തിന് ജോലിചെയ്യാന്‍ നിര്‍ബന്ധിതരാവും. തൊഴിലാളികള്‍ അക്ഷരാര്‍ഥത്തില്‍ അടിമകളാക്കപ്പെടും. തൊഴിലില്ലായ്മയില്‍ വീര്‍പ്പുമുട്ടുന്ന നിലവിലെ അവസ്ഥ കൂടുതല്‍ ശോചനീയമാവുമെന്ന കാര്യത്തില്‍ സംശയമില്ല.
പല മേഖലയിലുമുള്ള കരാര്‍-താല്‍ക്കാലിക തൊഴിലാളികള്‍ക്ക് നിയമയുദ്ധത്തിലൂടെയും നിലവിലുള്ള കരാര്‍ നിയമത്തിന്റെ പിന്തുണയോടെയും സ്ഥിരം ജീവനക്കാരായി മാറുന്നതിനുള്ള സാഹചര്യമുണ്ടായിരുന്നു. വര്‍ഷത്തില്‍ 240 ദിവസമെങ്കിലും തുടര്‍ച്ചയായി ഒരേ തൊഴില്‍ ചെയ്താല്‍ സ്ഥിരനിയമനം കൊടുക്കണം എന്നതായിരുന്നു മുമ്പ് നിലനിന്ന വ്യവസ്ഥ. എന്നാല്‍, ഇന്ന് അതു പാലിക്കപ്പെടുന്നില്ല.
ഗ്രാറ്റിവിറ്റി പോലുള്ള ആനുകൂല്യങ്ങള്‍ കരാര്‍ തൊഴിലാളികള്‍ക്ക് ലഭിക്കണമെങ്കില്‍ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ സര്‍വീസെങ്കിലും ഉണ്ടായിരിക്കണം. തൊഴില്‍ നിശ്ചിത കാലത്തേക്കു മാത്രമായി മാറുന്നതോടെ ഇത്തരം നിയമങ്ങളുടെ പരിരക്ഷ നഷ്ടപ്പെടും. ശമ്പള പരിഷ്‌കരണമോ പെന്‍ഷന്‍ ആനുകൂല്യമോ എഫ്ടിഇ വരുന്നതോടെ ഇല്ലാതാവും. തൊഴില്‍ അസ്ഥിരമാവുകയും സ്വാഭാവികമായും തൊഴിലാളിസംഘടനകള്‍ പ്രസക്തമല്ലാതാവുകയും ചെയ്യും. ഇതു തൊഴിലാളികളുടെ വിലപേശല്‍ ശേഷിയെ ബാധിക്കുകയും അവര്‍ അടിമകളാക്കപ്പെടുകയും ചെയ്യും. ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ച ഐഎല്‍ഒ കണ്‍വന്‍ഷന്‍ വ്യവസ്ഥപ്രകാരം തൊഴില്‍നിയമങ്ങളുടെ നിര്‍മാണവും ഭേദഗതിയും തൊഴിലാളി പ്രതിനിധികളുമായും പാര്‍ലമെന്റിലും ചര്‍ച്ചചെയ്തു തീരുമാനിക്കേണ്ടതുണ്ട്. എന്നാല്‍, അത്തരം നടപടികളൊന്നും തന്നെ ഈ നിയമഭേദഗതിയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല.
എഫ്ടിഇ പ്രായോഗികമാവുന്നതിലൂടെ തൊഴില്‍മേഖലയിലും സമൂഹത്തിലും സംഭവിക്കാന്‍ പോവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുഖ്യധാരാ ട്രേഡ് യൂനിയനുകള്‍ മൗനംപുലര്‍ത്തുകയാണ്. ശക്തമായ ചെറുത്തുനില്‍പിലൂടെ മുമ്പെല്ലാം ചെയ്തതുപോലെ എഫ്ടിഇ പിന്‍വലിപ്പിച്ചേ മതിയാവൂ

RELATED STORIES

Share it
Top