ഈ നാല് ജഡ്ജിമാരുടെ നിയമനം രണ്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നതെന്തിന്?


ന്യൂഡല്‍ഹി: സുപ്രിംകോടതി ജഡ്ജി സ്ഥാനത്തേക്കുള്ള ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമന ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കിയത് വന്‍വിവാദമായതിന് പിന്നാലെ സമാനമായ രീതിയില്‍ മറ്റ് നാല് ജഡ്ജിമാരുടെ  നിയമനത്തിന് മേല്‍ രണ്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ അടയിരിക്കുന്ന കാര്യം പുറത്തുവന്നു. ഹര്‍നരേഷ് സിങ് ഗില്‍, ബഷാറത്ത് അലിഖാന്‍, മുഹമ്മദ് മന്‍സൂര്‍, മുഹമ്മദ് നിസാമുദ്ദീന്‍ എന്നിവരെ സുപ്രിംകോടതി ജഡ്ജിമാരാക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് സുപ്രിം കോടതി കൊളീജിയം ശുപാര്‍ശ നല്‍കിയിരുന്നു. സുപ്രിംകോടതി ജഡ്ജി നിയമനത്തിനുള്ള അവസാന പടിയാണ് കൊളീജിയം ശുപാര്‍ശ.

ഈ ജഡ്ജിമാരോടൊപ്പം നല്‍കിയ മറ്റു പേരുകള്‍ ഇതിനകം സ്വീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. എന്നാല്‍, നാല് ജഡ്ജിമാരുടെ കാര്യത്തില്‍ ഒരു തീരുമാനവും എടുക്കാതെ മാറ്റിവച്ചിരിക്കുകയാണ്. ഇതിന് പ്രത്യേകിച്ചൊരു കാരണം കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ചൂണ്ടിക്കാട്ടിയിട്ടില്ല. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ് നാല് ജഡ്ജിമാരും.

ഹര്‍നരേഷ് സിങ് ഗില്ലിന്റെ പേര് 2016 ജൂണിലാണ് മറ്റ് ഒമ്പതു പേരോടൊപ്പം പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സുപ്രിംകോടതി കൊളീജിയവും ഇതിന് അംഗീകാരം നല്‍കി. പട്ടികയിലുള്ള മറ്റു പേരുകളെല്ലാം സര്‍ക്കാര്‍ തള്ളുകയോ സ്വീകരിക്കുകയോ ചെയ്തപ്പോള്‍ ഗില്ലിന്റെ കാര്യം ഇപ്പോഴും ദുരൂഹമായ രീതിയില്‍ അനിശ്ചിതത്വത്തിലാണ്. പുനപ്പരിശോധിക്കുന്നതിന് തിരിച്ചയക്കുക പോലും ചെയ്യാതെ സര്‍ക്കാര്‍ എന്ത്‌കൊണ്ടാണ് ഗില്ലിന്റെ ഫയലിന് മേല്‍ അടയിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല.

ഫയല്‍ ഇതുവരെ തിരിച്ചയച്ചിട്ടില്ല. കാരണമെന്തെന്ന് സര്‍ക്കാരിനോട് ചോദിക്കൂ- നിയമനം വൈകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു കൊളീജിയം അംഗത്തിന്റെ മറുപടി അതായിരുന്നു. ഗില്ലിന് പുറമേ ആറ് അഭിഭാഷകരുടെ പേരുകള്‍(അഞ്ചെണ്ണം ഹരിയാന, ഒന്ന് പഞ്ചാബ്) ഹൈക്കോടതി കൊളീജിയം കേന്ദ്രത്തിനയച്ചിരുന്നു. 2017 ജൂലൈ 10ന് ആറ് പേരെയും ജഡ്ജിമാരായി നിയമിച്ചു. ലിസ്റ്റിലുള്ള ബാക്കി മുന്നുപേര്‍ പഞ്ചാബ് ജില്ലാ, സെഷന്‍സ് ജഡ്ജിമാരായിരുന്നു.

2016 ആദ്യത്തിലാണ് അഭിഭാഷകനായ മുഹമ്മദ് നിസാമൂദ്ദീന്റെ പേര് കല്‍കട്ട ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. ഗില്ലിന്റേതിന് സമാനമായി നിസാമുദ്ദീനോടൊപ്പം പട്ടികയിലുണ്ടായിരുന്ന മറ്റു പേരുകളെല്ലാം കേന്ദ്രം അംഗീകരിച്ചു. അതിന് ശേഷം നല്‍കിയ പേരുകള്‍ പോലും അംഗീകരിക്കപ്പെട്ടെങ്കിലും എന്തുകൊണ്ടാണ് നിസാമുദ്ദീന്റെ പേര് മാത്രം മാറ്റിവച്ചതെന്ന് വ്യക്തമല്ലെന്ന് സുപ്രിംകോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും വലിയ കോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്കുള്ളതാണ് മറ്റു രണ്ടുപേരുകള്‍. ഇവിടത്തെ 160 ജഡ്ജിമാരില്‍ 63 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. 2016ലാണ് ബശാറത്ത് അലിഖാനെയും മുഹമ്മദ് മന്‍സൂറിനെയും അലഹബാദ് ഹൈക്കോടതി ജഡ്ജിമാരായി ശുപാര്‍ശ ചെയ്തത്. ചില പാരാതികള്‍ ചൂണ്ടിക്കാട്ടി രണ്ടുപേരുടെ ഫയലുകള്‍ സുപ്രിംകോടതി കൊളീജിയത്തിന്റെ പുനപ്പരിശോധനയ്ക്കായി കേന്ദ്രം മടക്കി. എന്നാല്‍, വളരെ നിസാരമായ പരാതികളായതിനാല്‍ ദിവസങ്ങള്‍ക്കകം തന്നെ കൊളീജിയം ഫയലുകള്‍ വീണ്ടും അയച്ചു. എന്നാല്‍, ഇവ കേന്ദ്രം പിടിച്ചുവച്ചിരിക്കുകയാണെന്ന് കൊളീജിയവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

ജസ്റ്റിസ് ജോസഫിന്റെ നിയമനം


ജസ്റ്റിസ് ജോസഫിന്റെ പേര് ഈ വര്‍ഷം ജനുവരിയിലാണ് സുപ്രിംകോടതി കേന്ദ്രത്തിന്റെ പരിഗണനയ്ക്കയച്ചത്. എന്നാല്‍, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് കൊണ്ട് കേന്ദ്രം ജോസഫിന്റെ പേര് തിരിച്ചയച്ചു. കേരളത്തില്‍ നിന്ന് നിലവില്‍ ജഡ്ജിമാരുണ്ട്, സീനിയോറിറ്റി മറികടന്നു തുടങ്ങിയ കാരണങ്ങളാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. എന്നാല്‍, 2016ല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കി കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനസ്ഥാപിച്ചതാണ് ജസ്റ്റിസ് ജോസഫിനെതിരായ പ്രതികാര നടപടിക്ക് കാരണമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ജസ്റ്റിസ് ജോസഫ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ജഡ്ജിമാരുടെ നിയമനത്തിന് മോദി സര്‍ക്കാര്‍ തടസ്സം നില്‍ക്കുമ്പോള്‍ തന്നെ ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള ഹേമന്ദ് ഗുപ്തയെപ്പോലുള്ളവരുടെ നിയമനത്തിന് കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുന്നതായി പ്രമുഖ സുപ്രിംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയില്‍ ആരോപണ വിധേയനാണ് ഹേമന്ദ് ഗുപ്ത.

കുന്നുകൂടുന്ന ഒഴിവുകള്‍
2014ല്‍ കേന്ദ്രസര്‍ക്കാര്‍ നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ് കമ്മീഷന്‍ ആക്ട് കൊണ്ടുവന്നതു മുതല്‍ ജഡ്ജിമാരുടെ തിരഞ്ഞെടുപ്പ് വലിയ തര്‍ക്കവിഷയമാണ്. ജഡ്ജിമാരെ നിയമിക്കുമ്പോള്‍ സര്‍ക്കാരിന് മേല്‍ക്കൈ ലഭിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ഭരണഘടനാ ഭേദഗതി നിര്‍ദേശം. എന്നാല്‍, ഒരു വര്‍ഷത്തിന് ശേഷം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി ഈ നിയമഭേദഗതി തള്ളി.

അതു മുതല്‍ ഒഴിവ് വന്ന ജഡ്ജിമാരുടെ നിമനത്തെച്ചൊല്ലി ഇരുവിഭാഗവും ഏറ്റുമുട്ടലിലാണ്. ഇതോടെ 24 ഹൈക്കോടതികളിലായി ഒഴിവുകളുടെ എണ്ണം 400ലേറെയായി വര്‍ധിച്ചു. 1,079 ജഡ്ജിമാര്‍ വേണ്ടിടത്ത് 413 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്.

RELATED STORIES

Share it
Top