ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് തകര്‍ന്ന് യാത്ര ദുഷ്‌കരമായി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമണ്‍ റോഡ്് തകര്‍ന്നതിനെ തുടര്‍ന്ന് യാത്ര ദുഷ്‌കരമായി മാറി. കനത്തമഴയു കൂടിയായപ്പോള്‍ വലുതും ചെറുതുമായ ഒട്ടേറെ കുഴികള്‍ രൂപപ്പെട്ടു. ചില ഭാഗങ്ങളില്‍ വന്‍കുഴികളാണ് രൂപപെട്ടിരിക്കുന്നത്. ഈരാറ്റുപേട്ട മുതല്‍ വാഗമണ്‍ വരെയുള്ള റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയിതാണ്. കോട്ടയം-ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനമായ റോഡും കോട്ടയത്തു നിന്ന് ടൂറിസ്റ്റ് കേന്ദമായ വാഗമണിലെത്താനുള്ള ഏക റോഡുമാണിത്. സൂപ്പര്‍ ഫാസ്റ്റുകളടക്കം ചെറുതും വലുതമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോവുന്നത്. റോഡിന്റെ പരിതാപകരമായ അവസ്ഥമൂലം ദുരിതയാത്രയാണ് ഇവിടെ എത്തുന്ന യാത്രക്കാര്‍ നേരിടുന്നത്. ചെറുവാഹനങ്ങള്‍ വന്‍ കുഴികളില്‍ വീഴുമ്പോള്‍ വാഹനത്തിന്റെ അടിഭാഗം റോഡിലുരഞ്ഞ് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്. രാത്രികാലങ്ങളില്‍ കുഴികള്‍ തിരിച്ചറിയാന്‍ സാധിക്കാതെ അപകടങ്ങളും സംഭവിക്കുന്നുണ്ട്. ചില സ്ഥലങ്ങളിലൊക്കെ റോഡില്‍ വലിയ കുഴികളാണ്. കുഴികളില്‍ ചാടാതിരിക്കാന്‍ ബസ്സുകളുള്‍പ്പെടെ ദിശതെറ്റിച്ച് വരുന്നത് അപകട ഭീഷണിയും ഉയര്‍ത്തുന്നു. കുഴികള്‍ ദിനം പ്രതി വലുതായി വരുന്നതുമൂലം മണിക്കൂറുകള്‍ നീളുന്ന വന്‍ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടാവുന്നത്. ഇതുമൂലം ഇന്ധന നഷ്ടം, ധനനഷ്ടം, സമയനഷ്ടം കൂടാതെ യാതനകളും അനുഭവിക്കേണ്ടി വരുന്നു. ഇരു ചക്രവാഹന യാത്രികരാണ് ഇതുമൂലം ഏറെ കഷ്ടപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം കുഴിയടയ്ക്കല്‍ നടന്ന റോഡിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ തകര്‍ന്ന് തരിപ്പണമായത്. അറ്റകുറ്റപ്പണിയിലെ ന്യൂനതകളാണ് ഈ റോഡ് വളരെ പെട്ടന്ന് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഈ റോഡ് ആധുനിക രീതിയില്‍ ബിഎംസിസി ടാറിങ് നടത്തുമെന്നുള്ള അധികൃതരുടെ വാഗ്ദാനം ഇതുവരെയും പാലിക്കപ്പെട്ടില്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.

RELATED STORIES

Share it
Top