ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്റെ രാജി; സിപിഎം യോഗത്തില്‍ ഭിന്നതഈരാറ്റുപേട്ട: നഗരസഭ ചെയര്‍മാന്‍ ടി എം റഷീദിനോട് രാജി ആവശ്യപ്പെട്ട് സിപിഎം ലോക്കല്‍ കമ്മിറ്റി നല്‍കിയ സമയം കഴിഞ്ഞിട്ടും രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടില്‍ ചെയര്‍മാന്‍. അതേസമയം ചെയര്‍മാന്റെ രാജി സംബന്ധിച്ച് സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഭിന്നത ഉണ്ടായതും സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അഞ്ചു പേര്‍ മാത്രമാണ് ചെയര്‍മാന്റെ രാജിയില്‍ ഉറച്ച് നിന്നത്. ചെയര്‍മാന്റെ രാജി സംബന്ധിച്ച് സിപിഎമ്മിലുണ്ടായ ഭിന്നത കണക്കിലെടുത്ത് ജനപക്ഷം കൗണ്‍സിലര്‍മാരെ മുന്‍നിര്‍ത്തി യുഡിഎഫുമായി ചേ ര്‍ന്ന് നഗരസഭാ ഭരണം പിടിക്കാനുള്ള സ്ഥലം എംഎല്‍എയുടെ ശ്രമവും പരാജയപ്പെട്ടു. ചെയര്‍മാന്‍ പദവി ആദ്യത്തെ ഒന്നര വര്‍ഷം വേണമെന്ന് ആവശ്യപ്പെട്ട് ജനപക്ഷവും മുസ്‌ലിം ലീഗും രംഗത്തു വന്നതും ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയ്യാറാക്കാതിരുന്നതും യുഡിഎഫ് ശ്രമത്തിനു വിലങ്ങുതടിയായി. ജനപക്ഷവുമായി ചേര്‍ന്ന് അവിശ്വാസം കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ മുസ്‌ലിം ലീഗിലും കോണ്‍ഗ്രസ്സിലും ഒരു വിഭാഗം രംഗത്തു വന്നതാണ് നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് യുഡിഎഫ് പിന്‍മാറാന്‍ കാരണമെന്നും പറയപ്പെടുന്നു. ഇതിനിടെ നിലവിലെ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച് എംഎല്‍എ മുന്നോട്ടുവച്ച ഫോര്‍മൂല സിപിഎം കൗണ്‍സിലര്‍മാര്‍ അംഗീകരിക്കാത്തതും സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. സിപിഎം നേതൃത്വത്തിലെ ചിലര്‍ നഗരസഭാ ഓഫിസിലും ഭരണകാര്യങ്ങളിലും പാര്‍ട്ടി സെല്‍ഭരണം കൊണ്ടുവരാന്‍ ശ്രമിച്ചതു ചെയര്‍മാന്‍ ചോദ്യം ചെയ്തതും മുന്‍ ബ്രാഞ്ച് സെക്രട്ടറി കുന്നുംപുറത്തു നസീര്‍ വധം സംബന്ധിച്ചും പാര്‍ട്ടിയിലെ വിഭാഗീയതയുമാണ് ചെയര്‍മാന്റെ രാജി ആവശ്യപ്പെടുന്നതിലേക്ക് സിപിഎമ്മിനെ എത്തിച്ചതെന്നും ആരോപണമുണ്ട്.

RELATED STORIES

Share it
Top