ഈരാറ്റുപേട്ടയില്‍ വൈദ്യുതി മുടക്കം പതിവാകുന്നുഈരാറ്റുപേട്ട: മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും വൈദ്യുതി മുടക്കം പതിവാകുന്നു. കനത്ത ചൂടില്‍ വെന്തുരുകുന്ന ജനത്തിന് അടിക്കടിയുണ്ടാവുന്ന വൈദ്യുതി മുടക്കം ഇരട്ടി ദുരിതമാണ് കൊണ്ടുവരുന്നത്. വൈദ്യുതി മുടക്കത്തിന്റെ ദുരിതം കുടുതല്‍ അനുഭവിക്കുന്നത് വ്യാപാരികളാണ്. ഇതില്‍ തന്നെ കോള്‍ഡ് സ്റ്റോറുകള്‍ക്കാണ് ഏറെ പ്രതിസന്ധിയുണ്ടാക്കുന്നത്. മിനിറ്റുകള്‍ ഇടവിട്ട് വൈദ്യുതി മുടങ്ങുന്നതോടെ ഫ്രീസറിലും മറ്റും സൂക്ഷിച്ച മല്‍സ്യ-മാംസമുള്‍പ്പെടെയുള്ള സാധനങ്ങള്‍ നശിച്ചുപോവുന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ദിനംപ്രതിയുണ്ടാവുന്നത്. ഹോട്ടലുകള്‍, ബേക്കറികള്‍ കൂള്‍ബാറുകള്‍ തുടങ്ങിയവയ്ക്കും ഇതുവഴി നഷ്ടം വരുന്നുണ്ട്. ഈരാറ്റുപേട്ടയിലെന്ന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കംപ്യൂട്ടര്‍ സ്ഥാപനങ്ങള്‍, ഓഫിസുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി മുടക്കം രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പകല്‍സമയങ്ങളില്‍ വൈദ്യുതിയില്ലാത്തതിനാല്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങളും നിശ്ചലമായ അവസ്ഥയാണ്്. രാത്രികാലങ്ങളിലും പലപ്പോഴും മണിക്കൂറുകളോളം വൈദ്യുതിയുണ്ടാവില്ല. മുന്നറിയിപ്പില്ലാതെയാണ് വൈദ്യുതി വിതരണം തടസ്സപ്പെടാറുള്ളത്. കെഎസ്ഇബി ഓഫിസുമായി ബന്ധപ്പെട്ടാല്‍ അറ്റകുറ്റപ്പണി നടക്കുകയാണെന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നത്. ഓഫിസില്‍ ഫോണ്‍ വിളിച്ചാല്‍പോലും ആരുമെടുക്കാത്ത സ്ഥിതിയാണ്. കെഎസ്ഇബിയുടെ അനാസ്ഥയ്‌ക്കെതിരേ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് വ്യാപാരികള്‍.

RELATED STORIES

Share it
Top