ഈരാറ്റുപേട്ടയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് മണലൂറ്റ് വ്യാപകം

ഈരാറ്റുപേട്ട: മീനച്ചിലാറ്റില്‍ മണല്‍ വാരല്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അധികൃരുടെ കണ്ണുവെട്ടിച്ച് മണലൂറ്റ് ആരംഭിച്ചു. ഉരുള്‍പെട്ടലും വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടര്‍ന്ന് കിഴക്കന്‍ പ്രദേശം മുതല്‍ താഴേക്കു നദിയുടെ വിവിധ ഭാഗങ്ങളിലായി മണല്‍ വന്നടിഞ്ഞിട്ടുണ്ട്. മണല്‍ വാരല്‍ സംഘം കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട അല്‍മനാര്‍കടവില്‍ നിന്ന് രാത്രിയുടെ മറവില്‍ മണല്‍വാരി ടിപ്പര്‍ ലോറിയില്‍ കടത്തിയതായാണു വിവരം. വന്‍ലാഭം ലഭിക്കാവുന്ന മണല്‍ ആറ്റില്‍ വന്നടിഞ്ഞത് കൊണ്ട് മണല്‍ വാരല്‍ സംഘം രാത്രി കാലങ്ങങ്ങളില്‍ വാഹനങ്ങളില്‍ റോന്തുചുറ്റി തക്കം പാര്‍ത്തിരിക്കുകയാണ്. ചെളിമാറി തെളിഞ്ഞ നീരുറവയാണ് ഇപ്പോള്‍ ഒഴുകുന്നത്. തീരങ്ങളില്‍ പൊടിമണല്‍ അടിഞ്ഞത് നദിക്കു സൗന്ദര്യം വര്‍ധിച്ചിട്ടുണ്ട്. ടിപ്പറില്‍ കടത്തിയ മണല്‍ കണ്ടുപിടിക്കുന്നതിനു വ്യാപക പരിശോധന നടത്തുന്നുണ്ട്. എന്നല്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. പുല്ലുപിടിച്ച തിട്ടകളും ചെളിക്കുഴിയമെല്ലാം മാറി നദി മണല്‍ തിട്ടകളായി മാറിയിരിക്കുകയാണ്. ഇതിനിടെ മണല്‍ വാരുന്നത് ശിക്ഷാര്‍ഹമാണെന്നും വാരുന്നവരെ താക്കീത് ചെയ്ത് മുനിസിപ്പല്‍ അധികൃതര്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. ശുദ്ധജലം സംഭരിച്ചു നിര്‍ത്താന്‍ കഴിവുള്ള മണല്‍ തിട്ടകള്‍ ചെറിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു പോലും വാരുന്നത് അനുമതിയില്ലെന്നിരിക്കെ ലോറികളില്‍ വന്‍ തോതിലാണു മണല്‍ കടത്തിയത്. മണല്‍ വാരുന്നതിനെതിരേ പ്രാദേശികമായി കാരയ്ക്കാട് കേന്ദ്രീകരിച്ച് ജാഗ്രതാ സംഘങ്ങള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. മണല്‍ വാരല്‍ സംബന്ധിച്ച് നിരീക്ഷിച്ച് വിവരങ്ങള്‍ ഇവര്‍ അധികൃതര്‍ക്കു കൈമാറും.മുമ്പ് മണല്‍ വാരിയിരുന്നവര്‍ പോലും അവയില്‍ നിന്ന് പിന്തിരിഞ്ഞ് ജാഗ്രതാ സംഘങ്ങളോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നദിയെ സംരക്ഷിക്കേണ്ട ആവശ്യകത പലരും തിരിച്ചറിയുന്നത് ആശ്വാസകരമാണെന്ന് മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദ് പറഞ്ഞു.

RELATED STORIES

Share it
Top