ഈരാറ്റുപേട്ടയിലെ തോടുകള്‍ ഇല്ലാതാവുന്നു ; വെള്ളമൊഴുകുന്നത് റോഡിലൂടെഈരാറ്റുപേട്ട: മഴക്കാലത്ത് വെള്ളം നിറഞ്ഞൊഴുകിയിരുന്ന തോടുകള്‍ പലതും കരയായി മാറിയതോടെ ഈരാറ്റുപേട്ട മേഖലയില്‍ തോടില്ലാത്ത അവസ്ഥ. അതിനാല്‍ റോഡുകളിലൂടെയാണ് ഇപ്പോള്‍ വെള്ളം ഒഴുകുന്നത്. ബാക്കി വന്ന പലതോടുകളും കൈയേറ്റം മൂലം കരയായി മാറി. ഇപ്പോള്‍ റോഡുകളെല്ലാം തോടാവുന്ന അവസ്ഥയാണ്. മുല്ലൂപ്പാറ തോട് വന്‍തോതില്‍ കൈയേറിയ സ്ഥിതിയാണ്. 20 അടി വീതി ഉണ്ടായിരുന്ന തോട് ഇപ്പോള്‍ പല സ്ഥലത്തും മൂന്നടി മാത്രമാണ് അവശേഷിക്കുന്നത്. ഇതു മൂലം വാഗമണ്‍ ദേശീയ പാതയില്‍ വെള്ളം നിറയുക പതിവാണ്. കീരിയാതോട്ടം മുല്ലൂപ്പാറ റോഡിലും മഴക്കാലത്ത് വെള്ളം കയറി ഒഴുകുന്നത് പതിവാണ്.റോഡും തോടും തിരിച്ചറിയാന്‍ മേലാത്ത അവസ്ഥയാണ്. പാണം തോട് ഇരു വശവും കൈയേറിയതു മൂലം പറമ്പിലൂടെയാണ് വെള്ളം ഒഴുകുന്നത്. കുറെ വീടുകളിലേക്കു റോഡ് നിര്‍മിക്കാനെന്ന വ്യാജേന തോട് വീതി കുറച്ച് കെട്ടി പുരയിടത്തിന്റെ ഭാഗമാക്കിയെങ്കിലും റോഡു നിര്‍മിച്ചില്ല. പറമ്പുകള്‍ക്ക് സമീപം ഇപ്പോള്‍ തോടു പാടെ അപ്രത്യക്ഷമായി. മെയിന്‍ റോഡിനു സമീപവും സ്വകാര്യ വ്യക്തി കോണ്‍ക്രീറ്റ് ഭിത്തികള്‍ തീര്‍ത്ത് പാണം തോടിന്റെ അവശേഷിക്കുന്ന ഭാഗവും വീതി കുറഞ്ഞു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. പത്താഴപ്പടി ആനയിളപ്പ് തോട് ഇരുവശവും കയ്യറിയതിനാല്‍ തോടിന്റെ വീതി കുറഞ്ഞു. തോട് അവസാനിക്കുന്ന ഭാഗത്ത് മാത്രമാണ് വലിയ കൈയേറ്റങ്ങള്‍ ഇല്ലാത്തത്. മാതാക്കല്‍ തോടിന്റെ സ്ഥിതിയും മറിച്ചല്ല. ഇരപ്പാംകുഴി തോടാണങ്കില്‍ കൈയേറ്റത്തിനു പുറമേ മാലിന്യം നിക്ഷേപിക്കുന്നതും ഈ തോട്ടിലാണ്. കൊട്ടുകാപ്പള്ളി തോട് 20 അടിയില്‍ നിന്ന് അഞ്ചടി വീതിയായി കുറഞ്ഞു. ഈ തോട്ടിലെ വെള്ളം മഴക്കാലത്ത് ഈലക്കയം റോഡിലൂടെ കയറി ഒഴുകുന്ന അവസ്ഥയാണ്. മന്തതോടും, പാറത്തോടും, ഇത്തരത്തില്‍ കൈയേറ്റത്തിനു വിധേയമായതാണ്. തോടുകള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top