ഈദ് ചാരിറ്റിയുടെ സിറിയന്‍ പദ്ധതി അന്തിമഘട്ടത്തില്‍

ദോഹ: സിറിയയില്‍ നടപ്പിലാക്കുന്ന രണ്ടാമത് ഖത്തര്‍ ജനകീയ ഗ്രാമ പദ്ധതി അന്തിമ ഘട്ടത്തിലാണെന്ന് ശെയ്ഖ് ഈദ് ചാരിറ്റി ഫൗണ്ടേഷന്‍ വ്യക്തമാക്കി. ഇഹ്‌സാസ്, ഹൗറാന്‍, ഇദ്‌ലിബ് എന്നീ പട്ടണങ്ങളിലെ 700 അഭയാര്‍ഥി കുടുംബങ്ങള്‍ക്കുള്ള പാര്‍പ്പിട യൂനിറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയായി.
പദ്ധതിയുടെ അവസാന മിനുക്കുപണികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് പാര്‍പ്പിടങ്ങള്‍ കൈമാറുമെന്നും ഈദ് ചാരിറ്റി വിദേശ പദ്ധതി വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി ബിന്‍ ഖാലിദ് അല്‍ഹാജിരി ചൂണ്ടിക്കാട്ടി. ഇതുവരെയായി 1200 പാര്‍പ്പിട യൂനിറ്റുകള്‍ നിര്‍മിച്ചതായും ഇതില്‍ 500 എണ്ണം സെഹ്ത്തരി ക്യാംപിലെ കുടുംബങ്ങള്‍ ഏഴ് മാസം മുമ്പ് പ്രയോജനപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നിലവിലെ 700 പാര്‍പ്പിട യൂനിറ്റുകളില്‍ 500 എണ്ണം ഇഹ്‌സാസ് പട്ടണത്തിലും 200 എണ്ണം ഹൗറാന്‍, ഇദ്‌ലിബ് പട്ടണത്തിലുമായാണ് നിര്‍മിച്ചിരിക്കുന്നത്. 17,000 റിയാലാണ് ഒരു പാര്‍പ്പിട യൂനിറ്റിനു കണക്കാക്കിയിരിക്കുന്ന ചെലവ്. 22.5 ചതുരശ്ര മീറ്ററിലാണ് ഓരോ യൂനിറ്റുകളും നിര്‍മിച്ചിരിക്കുന്നത്. രണ്ട് റൂമുകള്‍, കിച്ചണ്‍, ബാത്‌റൂം എന്നിവയാണ് ഓരോ ഹൗസിങ് യൂനിറ്റിലും അടങ്ങിയിരിക്കുന്നത്. അത്യാവശ്യത്തിനുള്ള ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും ഓരോ പാര്‍പ്പിട യൂനിറ്റിനും ലഭ്യമാക്കുന്നുണ്ട്. കൂടാതെ പള്ളി, മെഡിക്കല്‍ സെന്റര്‍, സോഷ്യല്‍ സെന്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളും ഖത്തര്‍ ഗ്രാമത്തിലുണ്ടായിരിക്കും.
ജോര്‍ദാനിലെ സെഹ്ത്തരി അഭയാര്‍ഥി ക്യാംപില്‍ ഒന്നാമത് ഖത്തര്‍ ഗ്രാമം 2015 മെയില്‍ വിജയകരമായി നടപ്പാക്കിയതിനെ തുടര്‍ന്നാണ് രണ്ടാം ഘട്ടത്തിലേക്ക് ഈദ് ചാരിറ്റി പ്രവേശിച്ചത്.

RELATED STORIES

Share it
Top