ഈദുല്‍ ഫിത്വ്ര്‍ അടുത്തു ; നിത്യോപയോഗ സാധനങ്ങള്‍ക്ക് വിപണിയില്‍ വന്‍കുതിപ്പ്ഈരാറ്റുപേട്ട: ഈദുല്‍ ഫിത്വ്ര്‍ അടുത്തതോടെ വിപണിയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു വില കുതിച്ചുയരുന്നു. പച്ചക്കറിയും പലവ്യഞ്ജനവും മല്‍സ്യം, മാംസം എന്നിവയുമെല്ലാം വിലക്കയറ്റത്തിന്റെ പിടിയിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറിക്കും വില കുതിക്കുകയാണ്. അരിയ്ക്കു കിലോഗ്രാമിന് 50 രൂപയോളമായി. ചെറിയ ഉള്ളിയുടെ വില 100 രൂപ കവിഞ്ഞു. വെളിച്ചെണ്ണ, പരിപ്പ്, പഞ്ചസാര, മുളക് എന്നിവയുടെ വിലയും പിടിച്ചു നിര്‍ത്താനാവുന്നില്ല. റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാവാതെ വന്നതോടെ റേഷന്‍ വിതരണവും അവതാളത്തിലായി. ബിപിഎല്‍ പട്ടികയിലടക്കം സൗജന്യ അരി ലഭിക്കുന്നവര്‍ക്ക് റേഷന്‍ ഇല്ലാത്ത സ്ഥിതിയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികള്‍ക്ക് കച്ചവടക്കാര്‍ തോന്നുംപടിയാണ് വില ഈടാക്കുന്നത്. അതേസമയം കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കു നാമമാത്രമായ വിലയാണു ലഭിക്കുന്നത്. വിപണിയിലെ ചെറുകിട കച്ചവടക്കാര്‍ നേരിയ മാര്‍ജിനിട്ടാണ് വില്‍ക്കുന്നതെന്ന് അവര്‍ പറയുന്നു. കൃഷിക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും മധ്യേയുള്ള ഇടനിലക്കാരാണ് ഏറെലാഭം കൊയ്യുന്നത്. ഇന്നലെ മാര്‍ക്കറ്റില്‍ ഒരുകിലോ ചെറിയ ഉള്ളിക്ക് 100 രൂപയായിരുന്നു വില. നേരത്തെ 40 രൂപയുണ്ടായിരുന്ന വെണ്ടയ്ക്കയുടെ വില 80 കവിഞ്ഞു. പയറിന് 90 രൂപ വരെയായി. നാട്ടില്‍ കിട്ടുന്ന പടവലത്തിനും 60 രൂപ നല്‍കണം. അമരയ്ക്കപോലും കിലോ 40 രൂപയ്ക്കാണ് വില്‍പന. വരുംദിവസങ്ങളില്‍ സാവാളയുടെ വിലയും വര്‍ദ്ധിക്കുമെന്നാണ് വിപണിയിലെ സൂചന. വെളുത്തുള്ളിക്ക് 120 രൂപയും ചേമ്പിന് 110 രൂപയുമാണ് കിലോയ്ക്ക് വില. കാരറ്റിനാവട്ടെ 90നുമേലെയാണു വില. പച്ചക്കറി വില കുതിക്കുന്നതോടൊപ്പം സാധനങ്ങളുടെ ലഭ്യത കുറയുന്നതായും കച്ചവടക്കാര്‍ പറയുന്നു. കൃഷിയിടങ്ങളില്‍ നിന്നു തന്നെ വന്‍കിട കച്ചവടക്കാര്‍ പച്ചക്കറി മൊത്തമായി വിലപറഞ്ഞ് കൊണ്ടുപോവുന്നതാണ് ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവിനു ഒരു കാരണമെന്നാണു ചെറുകിട കച്ചവടക്കാര്‍ പറയുന്നത്. വിപണിയില്‍ ഫലപ്രദമായി ഇടപെട്ട് പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോര്‍ട്ടികോര്‍പിനും കഴിയുന്നില്ല. റമദാന്‍ കാലമായതോടെ മല്‍സ്യ, മാംസ വിപണികളിലും വില കുതിച്ചുയര്‍ന്നു. ട്രോളിങ് നിരോധന കാലയളവ് മുന്നില്‍ കണ്ട് മല്‍സ്യവിപണിയില്‍ ക്ഷാമം നേരിടുകയാണ്. മല്‍സ്യത്തിന്റെ വരവു കുറഞ്ഞെന്ന പേരില്‍ വിലയും തോന്നുംപടിയാണ്. മത്തിക്കു കിലോ 160 രൂപവരെയായി. ചെറുമീനുകളുടെ എല്ലാം വില കുതിച്ചുയരുകയാണ്. പോത്തിറച്ചി കിലോയ്ക്ക് 280  രൂപ വരെയെത്തി. ഇറച്ചിക്കോഴിയുടെ വില 140 രൂപയാണ്. അവശ്യസാധനങ്ങളുടെ വില പിടിച്ചുനിര്‍ത്താന്‍ അധികൃതരുടെ ഭാഗത്തു നിന്ന് അടിയന്തര നടപടി ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്.

RELATED STORIES

Share it
Top