ഈജിപ്ത്: സിസിക്ക് 97 ശതമാനം വോട്ട് സിസി തിരഞ്ഞെടുക്കപ്പെട്ടു

കെയ്‌റോ: ഈജിപ്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്തുവന്നപ്പോള്‍ 97 ശതമാനം വോട്ട് നേടി നിലവിലെ ഭരണാധികാരി അബ്ദുല്‍ ഫതഹ് അല്‍ സിസി വീണ്ടും അധികാരത്തിലെത്തി. 2013ല്‍ സൈനിക അട്ടിമറിയിലൂടെ രാജ്യത്തിന്റെ ഭരണം പിടിച്ചടക്കിയ സിസിക്ക് വരുന്ന നാലുവര്‍ഷത്തേക്ക് ഈജിപ്ഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ഇതോടെ സാധിക്കും.
ദുര്‍ബലനായ ഒരു സ്ഥാനാര്‍ഥി മാത്രം സിസിക്കെതിരേ മല്‍സരരംഗത്തുണ്ടായിരുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനൊരുങ്ങിയ ആറ് സ്ഥാനാര്‍ഥികളെ ഭരണകൂടം അറസ്റ്റ് ചെയ്യുകയോ അയോഗ്യരാക്കുകയോ ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച അവസാനിച്ച വോട്ടെടുപ്പിന്റെ അനൗദ്യോഗിക ഫലങ്ങള്‍ നേരത്തേ പുറത്തുവരുകയും ചെയ്തിരുന്നു. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ആറുകോടി വോട്ടര്‍മാരില്‍ 2.3 കോടി പേര്‍ (41.5 ശതമാനം) മാത്രമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ഭൂരിപക്ഷം വോട്ടര്‍മാര്‍ക്കും അപരിചിതനായ മുസ്തഫ മൂസയായിരുന്നു സിസിയുടെ എതിര്‍ സ്ഥാനാര്‍ഥി. സിസിയെ പിന്തുണച്ചിരുന്ന ഇയാളുടെ സ്ഥാനാര്‍ഥിത്വം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമായിരുന്നെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. മൂന്നു ശതമാനം വോട്ടുകള്‍ മാത്രമാണ് മൂസ നേടിയത്.
തിരഞ്ഞെടുപ്പ് സിസിയെ അധികാരത്തില്‍ നിലനിര്‍ത്തുന്നതിനായുള്ള പ്രഹസനമാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. സിസിയെ അനുകൂലിക്കാന്‍ ആവശ്യപ്പെട്ട് വോട്ടര്‍മാര്‍ക്ക് 50 മുതല്‍ 100 വരെ ഈജിപ്ഷ്യന്‍ പൗണ്ടും ഭക്ഷണപ്പൊതികളും അമ്യൂസ്‌മെന്റ് പാര്‍ക്ക് ടിക്കറ്റുകളുമടക്കമുള്ള പാരിതോഷികങ്ങള്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ നല്‍കിയതായും വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു.

RELATED STORIES

Share it
Top