ഈജിപ്തിലെ പ്രതിപക്ഷ നേതാവ് അറസ്റ്റില്‍

കെയ്‌റോ: ഈജിപ്തിലെ പ്രതിപക്ഷ പാര്‍ട്ടി നേതാവും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ അബ്ദുല്‍ മുനീം അബു ഫത്തൂഹ് അറസ്റ്റില്‍. ഈജിപ്തില്‍ നിരോധിച്ച മുസ്‌ലിം ബ്രദര്‍ഹുഡ് ഗ്രൂപ്പുമായി അബു ഫത്തൂഹിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ കൂടാതെ പാര്‍ട്ടിയിലെ ആറ് മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അബു ഫത്തൂഹിനെ അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്റെ മകന്‍ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു.
ലണ്ടനില്‍ അല്‍ജസീറ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത അബു ഫത്തൂഹിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഈജിപ്തിലെ ഒരു അഭിഭാഷകനാണ് പബ്ലിക് പ്രോസിക്യൂട്ടറെ സമീപിച്ചത്. പരിപാടിയിലൂടെ ഈജിപ്ത് പ്രസിഡന്റിനെതിരേ അബു ഫത്തൂഹ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായും അദ്ദേഹത്തിന്റെ പേര് കളങ്കപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മുന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അംഗവും മിസ്‌റുല്‍ ഖവിയ്യ പാര്‍ട്ടി നേതാവുമാണ് അബു ഫത്തൂഹ്. 2012ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് അദ്ദേഹം മല്‍സരിച്ചത്.

RELATED STORIES

Share it
Top