ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവയ്പ്; 12 പേര്‍ കൊല്ലപ്പെട്ടു

കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയില്‍ കോപ്റ്റിക് ക്രൈസ്തവരുടെ പള്ളിയിലുണ്ടായ വെടിവയ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ മൂന്നു പോലിസുകാരും ഉള്‍പ്പെടും. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.  തെക്കന്‍ കെയ്‌റോയിലെ ഹെല്‍വാന്‍ ജില്ലയിലെ മാര്‍ മിന പള്ളിയിലാണ് വെടിവയ്പുണ്ടായത്. ആയുധധാരികളായ രണ്ടുപേര്‍ പള്ളിയില്‍ പ്രവേശിക്കുകയും ജനങ്ങള്‍ക്കുനേരെ നിറയൊഴിക്കുകയുമായിരുന്നു. അടുത്തയാഴ്ച നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി പള്ളിക്കു സമീപം പോലിസിനെ വിന്യസിപ്പിച്ചിരുന്നു. സംശയകരമായ സാഹചര്യത്തില്‍ കണ്ട രണ്ടുപേരെ പോലിസ് ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തിരിച്ചടിയില്‍ അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഒരു വര്‍ഷത്തിനിടെ പള്ളികള്‍ക്കു നേരെയുണ്ടായ സായുധാക്രമണങ്ങളില്‍ 100 പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്.  ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി ഏഴിന് നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പോലിസ് സുരക്ഷ ശക്തമാക്കി.

RELATED STORIES

Share it
Top