ഇ സി ജി സുദര്‍ശന്‍: പ്രകാശവേഗത്തെ തോല്‍പ്പിച്ച പ്രതിഭ

നിഷാദ് എം ബഷീര്‍
കോട്ടയം: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെപ്പോലും തിരുത്തിയെഴുതി ശാസ്ത്രലോകത്തെ ഞെട്ടിച്ച മലയാളി പ്രതിഭയായിരുന്നു അന്തരിച്ച എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് സുദര്‍ശന്‍ എന്ന ഇ സി ജി സുദര്‍ശന്‍.
ഐന്‍സ്റ്റീന്റെ വിശേഷ ആപേക്ഷികതാ സിദ്ധാന്തമനുസരിച്ച് പദാര്‍ഥത്തിന് ഒരിക്കലും പ്രകാശത്തിന്റെ വേഗത കൈവരിക്കാനാവില്ലെന്നാണ് അടിവരയിടുന്നത്. കാരണം, വേഗത കൂടുന്നതിനനുസരിച്ച് അതിന്റെ പിണ്ഡം വര്‍ധിക്കുകയും പ്രകാശത്തിന്റെ വേഗതയെത്തുമ്പോ ള്‍ പിണ്ഡം അനന്തമാവുകയും ചെയ്യുമെന്നാണ് ഐന്‍സ്റ്റീന്റെ സിദ്ധാന്തം സ്ഥാപിക്കുന്നത്. പിന്നീട് അരനൂറ്റാണ്ടോളം അതേക്കുറിച്ച് തലപുകയ്ക്കാ ന്‍ ശാസ്ത്രജ്ഞന്‍മാരൊന്നും മെനക്കെട്ടില്ല. എന്നാല്‍, ഒരിക്കലും പ്രകാശത്തിന്റെ വേഗത പ്രാപിക്കാനാവാത്ത കണങ്ങളുള്ളതുപോലെ എല്ലായ്‌പ്പോഴും പ്രകാശത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന കണങ്ങളുമുണ്ടാവാമെന്നു സുദര്‍ശന്‍ പ്രവചിച്ചു. ടാക്യോണുകളെന്നാണ് ഈ കണങ്ങള്‍ക്ക് ശാസ്ത്രലോകം നല്‍കിയ പേര്. ടാക്യോണുകളെ സംബന്ധിച്ച് 1962ല്‍ ആദ്യപ്രബന്ധം പ്രസിദ്ധീകരിച്ച ശേഷം ബിലാനിയൂക് ഉള്‍പ്പെടെ വിവിധ ഗവേഷകരുമായി സഹകരിച്ച് എട്ടു പഠനപ്രബന്ധങ്ങള്‍ രണ്ടുപതിറ്റാണ്ടിനിടെ സുദര്‍ശന്‍ പുറത്തിറക്കി. അദ്ദേഹം പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ഗ്രീക്കില്‍ “വേഗ’മെന്ന അര്‍ഥം വരുന്ന പദമാണ് “ടാക്യോണ്‍’.
ഹോമി ഭാഭാ ഡയറക്ടറായിരുന്ന ഹരീഷ്ചന്ദ്ര, ഡിറാക്, ടൊമൊനാഗ തുടങ്ങിയ പ്രശസ്ത ശാസ്ത്രജ്ഞര്‍ അവിടെ സന്ദര്‍ശകരായിരുന്നു. അക്കൂട്ടത്തിലുണ്ടായിരുന്ന പ്രശസ്തനായ റോബര്‍ട്ട് മാര്‍ഷക് എന്ന സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്‍ സുദര്‍ശ—ന്റെ കഴിവുകള്‍ കണ്ട് ഒപ്പംകൂട്ടി. അങ്ങനെ 1955ല്‍ റോച്ചസ്റ്റര്‍ സര്‍വകലാശാലയിലേക്കു പോയി. 1958ല്‍ അവിടെനിന്നു ഡോക്ടറേറ്റെടുത്ത ശേഷം രണ്ടുവര്‍ഷം അവിടെത്തന്നെ അസി. പ്രഫസറായിരുന്നു. പിന്നീട് അസോസിയേറ്റ് പ്രഫസറായി. അതിനുശേഷം സൈറക്യൂസ് സര്‍വകലാശാലയില്‍ ഫിസിക്‌സ് പ്രഫസറും എലിമെന്ററി പാര്‍ട്ടിക്കിള്‍ ഫിസിക്‌സ് സംബന്ധിച്ച ഗവേഷണ വിഭാഗത്തിന്റെ ഡയറക്ടറുമായി.
ഹാവഡ് സര്‍വകലാശാലയില്‍ ജൂലിയന്‍ ഷ്വിംഗര്‍ എന്ന പ്രഗല്ഭനായ ഭൗതികശാസ്ത്രജ്ഞനോടൊപ്പം പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തില്‍ പങ്കാളിയായി. ഭൗതികശാസ്ത്രത്തിന്റെ പല മേഖലകളിലും ശ്രദ്ധേയമായ സംഭാവന നല്‍കാന്‍ സുദര്‍ശനു കഴിഞ്ഞിട്ടുണ്ട്. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രാഥമിക കണങ്ങള്‍ ലഘുബലത്തിലൂടെ പ്രതിപ്രവര്‍ത്തിക്കുന്നത് വിശദീകരിക്കാന്‍ ശ്രമിച്ച വിഎ സിദ്ധാന്തം. ക്വാണ്ടം ഒപ്റ്റിക്‌സിലെ വിശാലമേഖലയിലായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങളില്‍ അധികവും.
ഇതിനിടെ, ഹിന്ദുമതത്തില്‍ ആകൃഷ്ടനായി ജോര്‍ജ് ഹിന്ദുവാകാന്‍ തീരുമാനിച്ചു. അങ്ങനെയാണ് എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് ഇ സി ജി സുദര്‍ശ—നായത്. 1970ല്‍ സി വി രാമന്‍ പുരസ്‌കാരം, 1976ല്‍ പത്മഭൂഷണ്‍, 1977ല്‍ ബോസ് മെഡല്‍, 2006ല്‍ മൂന്നാംലോക അക്കാദമിയുടെ പുരസ്‌കാരം, 2007ല്‍ പത്മവിഭൂഷണ്‍ തുടങ്ങിയവയാണ് അദ്ദേഹത്തിനു ലഭിച്ച പ്രധാന ബഹുമതികള്‍. നൊബേല്‍ സമ്മാനം, ഫീല്‍ഡ്‌സ് മെഡല്‍, വുള്‍ഫ് ഫൗണ്ടേഷന്‍ സമ്മാനം എന്നിവ ലഭിക്കാത്തവര്‍ക്ക് മാത്രം നല്‍കുന്ന പുരസ്‌കാരമാണ് സുദര്‍ശന് ലഭിച്ച ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്‌സി (ഐസിടിപി)ന്റെ ഡിറാക് മെഡല്‍.
പ്രപഞ്ചത്തിലെ നാല് അടിസ്ഥാനബലങ്ങളില്‍ ഒന്നിന്റെ രഹസ്യം കണ്ടെത്താനുള്ള വഴിതുറന്ന അദ്ദേഹത്തിന്, കാലം കാത്തുവച്ചത് അനീതിയും അവഗണനയും മാത്രമാണ്. ആറുതവണയാണ് സുദര്‍ശന്റെ പേര് നൊബേല്‍ സമ്മാനത്തിനായി നിര്‍ദേശിക്കപ്പെട്ടത്. 1979ലും 2005ലും നൊബേല്‍ സമ്മാനത്തിന് സജീവമായി പരിഗണിക്കപ്പെട്ടെങ്കിലും അതു നിഷേധിക്കപ്പെടുകയായിരുന്നു.

RELATED STORIES

Share it
Top