ഇ ശ്രീധരനെ ഒഴിവാക്കിയതിന് കനത്ത വിലനല്‍കേണ്ടി വരും: വി എം സുധീരന്‍

തിരുവനന്തപുരം: ഒരു കൂടിക്കാഴ്ചയ്ക്ക് പോലും അനുമതി നല്‍കാതെ ഇ ശ്രീധരനെ ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതിന് മുഖ്യമന്ത്രിയും ഇടതുമുന്നണിയും കനത്ത വിലനല്‍കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍.
അഴിമതി നടത്താന്‍ വെമ്പുന്ന ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥപ്രമുഖര്‍ക്കും ശ്രീധരന്‍ വര്‍ജിതനാവുന്നു എന്നതാണ് സത്യം. നേരത്തെ, കൊച്ചി മെട്രോ നിര്‍മാണ പദ്ധതിയില്‍ നിന്നു ശ്രീധരനെയും ഡിഎംആര്‍സിയെയും ഒഴിവാക്കാന്‍ നീക്കമുണ്ടായതായും സുധീരന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീധരനെ ചുമതല ഏല്‍പ്പിച്ചാല്‍ പദ്ധതിയില്‍ കൈയിട്ട് വാരല്‍ നടക്കില്ല. ഉ—ദ്യോഗസ്ഥരും കരാറുകാരും കാലാകാലങ്ങളില്‍ മാറിമാറി വരുന്ന രാഷ്ട്രീയ ഭരണാധികാരികളില്‍ ചിലരും തമ്മിലുള്ള ദുഷിച്ച കൂട്ടുകെട്ടാണ് പല വികസനപദ്ധതികളില്‍ നിന്നും ഉദ്ദേശിച്ച ഫലം കിട്ടാതാക്കിയത്. ഇവിടെയാണ് ശ്രീധരന്റെയും ശ്രീധരന്‍ ശൈലിയുടെയും പ്രസക്തി. ഒരു മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇത്തരം പദ്ധതികളുടെ ഭാവിനിര്‍ണയം വിട്ടുകൊടുക്കാനാവില്ലെന്ന് പറഞ്ഞ സുധീരന്‍ ലൈറ്റ് മെട്രോ പദ്ധതികള്‍ക്കായി ശക്തമായ ജനപ്രതിഷേധം ഉയരണമെന്നും ആവശ്യപ്പെട്ടു. ശ്രീധരനെയും ഡിഎംആര്‍സിയെയും കൊച്ചി മെട്രോ നിര്‍മാണച്ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ച അതേ ലോബി തന്നെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഗ്രസിച്ചിരിക്കുന്നത്.
ഭാവനാശൂന്യതയുടെയും ഭരണപരാജയത്തിന്റെയും പ്രതീകമായി മാറിയ പിണറായി ഈ ലോബിയുടെ കെണിയില്‍ പെട്ടുപോയി. അതില്‍നിന്നും ഊരിപ്പോരാനുള്ള മിടുക്ക് ഇടതുമുന്നണി സര്‍ക്കാരിന് ഇല്ലാതെപോയി. അതിന് കേരളം ബലി കഴിക്കേണ്ടിവരുന്നത് ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളാണെന്നും സുധീരന്‍ പറഞ്ഞു.

RELATED STORIES

Share it
Top