ഇ-മെയില്‍ വഴി നാമനിര്‍ദേശപത്രിക: ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇ-മെയില്‍ വഴി നാമനിര്‍ദേശപത്രിക അപേക്ഷകള്‍ സ്വീകരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്‌റ്റേ. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.
അതേസമയം, നാമനിര്‍ദേശം സമര്‍പ്പിച്ച 17,000 സ്ഥാനാര്‍ഥികള്‍ എതിരില്ലാത്തതിനാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ടെന്നും ഇത് കോടതിയെ ആശങ്കയിലാക്കിയിട്ടുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. അവരെ വിജയികളായി പ്രഖ്യാപിക്കരുതെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ബെഞ്ച് നിര്‍ദേശിച്ചു. മെയ് 14ന് നടക്കുന്ന തിരഞ്ഞെടുപ്പ് സുഗമമാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് ജസ്റ്റിസ് എ എം ഖാന്‍വില്‍കാര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ബെഞ്ച് നിര്‍ദേശം നല്‍കി. മെയ് എട്ടിനാണ് ഇ-മെയില്‍ വഴി സമര്‍പ്പിച്ച പത്രികകള്‍ സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. സിപിഎം സമര്‍പ്പിച്ച അപ്പീലില്‍ ജസ്റ്റിസുമാരായ ബി സോമദ്ദര്‍, എ മുഖര്‍ജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.
ഏപ്രില്‍ 23ന് മൂന്നുമണിയോടെ ഇ-മെയിലിലയച്ച നാമനിര്‍ദേശ പത്രികകളില്‍ സാധുവായത് സ്വീകരിക്കാനായിരുന്നു കോടതി നിര്‍ദേശം. ഇ-മെയില്‍ വഴി പത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന ഹരജിക്കാരന്റെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. പശ്ചിമബംഗാള്‍ പഞ്ചായത്ത് നിയമത്തില്‍ നാമനിര്‍ദേശപത്രിക ഇ-മെയിലിലൂടെ സമര്‍പ്പിക്കാന്‍ വകുപ്പില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചായിരുന്നു അപേക്ഷ നിരസിച്ചത്. അതാത് ഓഫിസുകളില്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുന്നതില്‍ നിന്നു തടയപ്പെട്ട 800 ഓളം സ്ഥാനാര്‍ഥികളുടെ പട്ടികയാണ് സിപിഎം സമര്‍പ്പിച്ചത്.
നാമനിര്‍ദേശ പത്രിക സ്വീകരിക്കാനുള്ള അവസാനദിവസം 340 പരാതികളാണ് ലഭിച്ചതെന്നും അതില്‍ 25 എണ്ണം ഇ-മെയിലിലൂടെ ലഭിച്ചതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
വിഷയത്തില്‍ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളായ സിപിഎമ്മും ബിജെപിയും ഏകപക്ഷീയമായ ഉത്തരവുകള്‍ പാസാക്കരുതെന്ന് സുപ്രിംകോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ജൂലൈ മൂന്നിന് വിഷയം വീണ്ടും പരിഗണിക്കും.

RELATED STORIES

Share it
Top