ഇ-പോസ്: വിഷുവിനും റേഷന്‍ ലഭിക്കില്ലെന്ന് ആക്ഷേപം; 9 ജില്ലകളില്‍ വിതരണം നിലച്ചു

കോട്ടയം: റേഷന്‍ കടകളില്‍ ഇ-പോസ് മെഷീന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തെ 9 ജില്ലകളില്‍ റേഷന്‍ വിതരണം നിലച്ചു. ഈ മാസം വിതരണം ചെയ്യേണ്ട റേഷന്‍ സാധനങ്ങള്‍ ഇന്നലെ മുതല്‍ വിതരണം ആരംഭിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും വിഷുവിനുപോലും റേഷന്‍ വിതരണം ആരംഭിക്കാന്‍ കഴിയില്ലെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
റേഷന്‍ കടകളില്‍ കൈവശമുള്ള സ്റ്റോക്ക് ഇ-പോസ് സംവിധാനത്തിലൂടെയല്ലാതെ വിതരണം ചെയ്യരുതെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ കട തുറക്കാനും വ്യാപാരികള്‍ക്കു കഴിയുന്നില്ല. അരി കടയില്‍ സ്റ്റോക്കുള്ളപ്പോള്‍ കാര്‍ഡുടമയ്ക്കു കൊടുത്തില്ലെങ്കില്‍ സംഘര്‍ഷമുണ്ടാവും. ഓരോ റേഷന്‍ കടയ്ക്കും ലഭിക്കുന്ന ക്വാട്ടയുടെ അളവനുസരിച്ച് കാര്‍ഡുടമകളുടെ വിഹിതം തീരുമാനിച്ച് മെഷീനില്‍ രേഖപ്പെടുത്തി വിതരണം ചെയ്യേണ്ടിവരുന്നതിനാലാണ് കാലതാമസം നേരിടുന്നത്. ഇന്നു മാത്രമേ റേഷന്‍ കടയിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ അലോട്ട്‌മെന്റ് ആവുകയുള്ളൂ. അതിനുശേഷം റേഷന്‍ കട ഉടമകള്‍ സപ്ലൈകോയില്‍ ഭക്ഷ്യധാന്യങ്ങളുടെ വില അടയ്ക്കണം.
സപ്ലൈകോയില്‍ ആവശ്യത്തിനു തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ ഒരു താലൂക്കിലെ മുഴുവന്‍ കടകളിലേക്കും ഭക്ഷ്യധാന്യം എത്തിക്കണമെങ്കില്‍ കുറഞ്ഞത് 15 ദിവസം എടുക്കും. അതിനാല്‍ വിഷുവും കഴിഞ്ഞ് 20 നു ശേഷമേ റേഷന്‍കടകളില്‍ അരി വിതരണം ആരംഭിക്കുകയുള്ളൂ എന്നാണ് അറിയുന്നത്. വയനാട്, കാസര്‍കോട്, കണ്ണൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ 5 ജില്ലകള്‍ ഒഴികെ 9 ജില്ലകളിലാണ് ഇന്നുമുതല്‍ ഇ-പോസ് മെഷീനിലൂടെ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ പല സ്ഥലത്തും ഇ-പോസ് യന്ത്രത്തിന് നെറ്റ്‌വര്‍ക്ക് ലഭിക്കുന്നില്ലെന്നും വേഗത കുറവാണെന്നും അതിനാല്‍ വിതരണത്തിനു കാലതാമസം ഉണ്ടാവുന്നതായും വ്യാപക പരാതിയുണ്ട്.

RELATED STORIES

Share it
Top