ഇ- പോസ് വിനയായി; റേഷന്‍ വിതരണം മുടങ്ങി

പട്ടാമ്പി: വിഷു പ്രമാണിച്ച് അരി ഉള്‍പ്പെടെയുളള സാധനങ്ങള്‍ റേഷന്‍ സാധനങ്ങള്‍ കടകളില്‍ വിതരണത്തിനെത്തി. പക്ഷേ വിതരണം നടക്കുന്നില്ല. എപ്രില്‍ ഒന്നു മുതല്‍ ഇ പോസ് മെഷീന്‍ മുഖാന്തിരം മാത്രമെ അരി വിതരണം ചെയ്യാന്‍ പാടുള്ളു എന്ന കര്‍ശന നിബന്ധനയാണ് ഇപ്പോള്‍ വിനയായത്. വിഷുവിന് മുന്നോടിയായി വിതരണം ചെയ്യാനുള്ള അരി എത്തിയത് തിങ്കളാഴ്ചയായിരുന്നു. സോഷ്യല്‍മീഡിയ ഹര്‍ത്താല്‍ ആയതിനാല്‍ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല.
എന്നാല്‍ ഇന്നലെ എല്ലായിടത്തും കൂട്ടമായി ഇ പോസ്  യന്ത്രം പ്രവര്‍ത്തനം തുടങ്ങിയതോടെ യന്ത്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. പലയിടങ്ങളിലും വരിനിന്ന് മടുത്ത ആളുകള്‍ മടങ്ങി പോയി. സൗജന്യമായി വിതരണം ചെയ്തിരുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള അരിക്ക് ഒരു രൂപ ഏര്‍പ്പെടുത്തിയതും പ്രതിഷേധര്‍ഹമായി. പട്ടാമ്പി താലൂക്കിലെ പല റേഷന്‍ കടകളിലും ഇതുസംബന്ധിച്ച് റേഷന്‍ കട നടത്തിപ്പുകാരും കാര്‍ഡുടമകളും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായി.
എന്നാല്‍ ഇ- പോസ് മെഷീന്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന പൊതു വിതരണ വകുപ്പിന് 40 കോടി രൂപയുടെ അധിക ചെലവ് വന്നെന്നും അത് തിരിച്ചു പിടിക്കുന്നതിന് വേണ്ടി ഒരുകിലോ ധാന്യത്തിന്‍മേല്‍ ഒരുരൂപ ഈടാക്കാന്‍ നിര്‍ബന്ധിതരായതെന്നൂം സിവില്‍ സപ്ലൈസ് വകുപ്പിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതോടൊപ്പം തന്നെ റേഷന്‍ വിതരണക്കാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സംസ്ഥാന സര്‍ക്കാറിന് താങ്ങാവുന്നതിനും അപ്പുറത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അവസ്ഥ കണക്കിലെടുത്ത് റേഷന്‍ വാങ്ങിക്കുന്ന എല്ലാ കാര്‍ഡുടമകളും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top