ഇ-പോസ് യന്ത്രത്തിന്റെ സെര്‍വര്‍ തകരാറിലായിറേഷന്‍ വിതരണം അവതാളത്തില്‍

തിരുവനന്തപുരം: ഇ-പോസ് യന്ത്രത്തിന്റെ സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തിലായി. പുതിയ സെര്‍വറിലേക്ക് വിവരങ്ങള്‍ മാറ്റുന്നതാണ് സെര്‍വര്‍ തകരാറിലാവാന്‍ കാരണമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.
എന്നാല്‍, വൈകീട്ട് നാലുമണിയോടെ തകരാര്‍ പരിഹരിച്ചു. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകീട്ട് നാലു വരെ റേഷന്‍ കടകളടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ വിവര കൈമാറ്റം പൂര്‍ത്തീകരിക്കുന്നതോടുകൂടി ഇടയ്ക്കിടെ വരുന്ന സാങ്കേതിക തകരാര്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സപ്തംബറിലെ റേഷന്‍ വിതരണം ഒക്—ടോബര്‍ 6 വരെ ദീര്‍ഘിപ്പിച്ചുനല്‍കാന്‍ ഉത്തരവു നല്‍കിയതായും വകുപ്പ് അറിയിച്ചു.
2.60 ലക്ഷം കാര്‍ഡുടമകള്‍ ഇന്നലെ റേഷന്‍ വാങ്ങി. ഈ മാസം ഇതുവരെ 40.68 ലക്ഷം പേര്‍ റേഷന്‍ വാങ്ങിയതായും സിവില്‍ സപ്ലൈസ് വകുപ്പ് അവകാശപ്പെട്ടു. പ്രളയത്തെ തുടര്‍ന്ന് കേന്ദ്രം അനുവദിച്ച അധിക അരിയുടെ വിതരണമാണ് ഇപ്പോള്‍ നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും ഇ-പോസ് യന്ത്രം തകരാറിലായതായി റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. ഇതുമൂലം കടകള്‍ക്കു മുന്നില്‍ നീണ്ട വരി ദൃശ്യമായിരുന്നു. പലയിടങ്ങളിലും റേഷന്‍ കടക്കാരും കാര്‍ഡ് ഉടമകളും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. എല്ലാ മാസവും അവസാന ദിവസങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാവുന്നത്. പുതിയ ലോഡ് വരുന്നതിനു മുമ്പ് സെര്‍വര്‍ പ്രശ്‌നം പരിഹരിക്കാത്തതാണ് പ്രശ്‌നം വഷളാക്കുന്നതെന്നും കടയുടമകള്‍ പറയുന്നു.

RELATED STORIES

Share it
Top