ഇ പോസ് മെഷീന്‍ സെര്‍വര്‍ പണിമുടക്കുന്നു; വലഞ്ഞ് ഉപഭോക്താക്കള്‍

കൊല്ലം: സെര്‍വറിന്റെ മെല്ലപ്പോക്ക് മൂലം ഇ പോസ് മെഷീന്‍ വഴിയുള്ള റേഷന്‍ വിതരണത്തിന് കാലതാമസം നേരിടുന്നതായി പരാതി.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി റേഷന്‍ കടകളിലെത്തുന്ന പല ഉപഭോക്താക്കളും വലയുകയാണ്. മാസാവസാനവും ആഴ്ചാവസാനവും ആയതിനാല്‍ ഒട്ടേറെപ്പേരാണു റേഷന്‍ വിഹിതം വാങ്ങാന്‍ എത്തിയത്. സെര്‍വറിന്റെ മെല്ലെപ്പോക്കു കാരണം പലരും മണിക്കൂറോളം നില്‍ക്കേണ്ട അവസ്ഥയാണ്. വിതരണം മുടങ്ങിയതോടെ പലയിടങ്ങളിലും കാര്‍ഡുടമകളും വ്യാപാരികളും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടാകുന്നുണ്ട്.
സെര്‍വര്‍ തകരാറിലാകുമ്പോള്‍ മാന്വല്‍ ആയി റേഷന്‍ വിതരണം നടത്തിയാല്‍ ഇപോസ് മെഷീനില്‍ അത് അനധികൃത ഇടപാടായി കാണിക്കും. ഇതുമൂലം വ്യാപാരികളും ഇത്തരം നടപടികള്‍ക്ക് മുതിരില്ല. സെര്‍വര്‍ പ്രശ്‌നം പരിഹരിക്കുന്നതോടെ വിതരണം കാര്യക്ഷമമാകുമെന്ന വിശ്വാസത്തിലാണ് ഉടമകള്‍. കഴിഞ്ഞ രണ്ടു മാസവും സെര്‍വര്‍ പ്രശ്‌നം കാരണം റേഷന്‍ വിതരണത്തിനായി കൂടുതല്‍ സമയം അനുവദിച്ചിരുന്നു.
നിലവില്‍ ഐടി മിഷന്റെ സെര്‍വറിലാണ് സംസ്ഥാനത്തെ റേഷന്‍ വിതരണം നടക്കുന്നത്. അതേസമയം, പുതിയ സെര്‍വര്‍ ഭക്ഷ്യവകുപ്പ് വാങ്ങിയതായും ഈ സെര്‍വറിലേക്ക് കാര്‍ഡുടമകളുടെ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലും ഇപോസ് മെഷീനിലും വരുത്തിയ ചില ഭേദഗതികളുമാണ് സെര്‍വര്‍ ഡൗണ്‍ ആകാന്‍ കാരണമെന്നതാണ് അധികൃതരുടെ വിശദീകരണം.
സംസ്ഥാനത്ത് ആദ്യമായി ഇ പോസ് മെഷീന്‍ വഴി റേഷന്‍ വിതരണം ആരംഭിച്ച ജില്ലയാണ് കൊല്ലം. ഇലക്ട്രോണിക് പോയന്റ് ഓഫ് സെയില്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ഇ പോസ്. റേഷന്‍ കാര്‍ഡില്‍ പേരുള്ളയാളെ തിരിച്ചറിഞ്ഞ് കൃത്യമായ അളവില്‍ സാധനങ്ങള്‍ നല്‍കുന്നുവെന്നതാണ് ഈ രീതിയുടെ പ്രത്യേകത.
ബയോമെട്രിക് സംവിധാനമുള്ള യന്ത്രം വിരലടയാളം, ആധാര്‍ വഴി പരിശോധിച്ചാണ് ഉപഭോക്താക്കളെ തിരിച്ചറിയുക. കാര്‍ഡ് നമ്പര്‍ മെഷീനില്‍ രേഖപ്പെടുത്തുമ്പോള്‍ തന്നെ എല്ലാ അംഗങ്ങളുടെയും പേരുവിവരം സ്‌ക്രീനില്‍ തെളിയും. വിരല്‍ മെഷീനില്‍ പതിക്കുന്നതോടെ ഓരോ കാര്‍ഡിനും അര്‍ഹമായ റേഷന്‍ വിഹിതം, വില എന്നിവ തെളിയും. ബില്ല് ലഭിക്കുകയും ചെയ്യും.
ഈ സംവിധാനം വഴി റേഷന്‍ വിതരണം പൂര്‍ണമായും സുതാര്യമാകുമെന്നാണ് അധികൃതരുടെ അവകാശവാദം. അതേസമയം, റേഷന്‍ കടകളിലെ തട്ടിപ്പ് തടയാന്‍ സ്ഥാപിച്ച ഇപോസ് മെഷീനുകള്‍ ഉപയോഗിച്ചും തട്ടിപ്പ് നടക്കുന്നതായുള്ള വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. മെഷിനീല്‍ കൃത്രിമം കാണിച്ച് ഭക്ഷ്യധാന്യങ്ങള്‍ മറിച്ചുവിറ്റ എണ്‍പതോളം കടകള്‍ക്കെതിരേ സംസ്ഥാനത്ത് ഇതുവരെ നടപടിയുണ്ടായിട്ടുണ്ട്.  ഇ പോസ് ആദ്യം സ്ഥാപിച്ച കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കുടുങ്ങിയത്.
ജില്ലയില്‍ 12 റേഷന്‍ കട ഉടമകളെ ഇതുവരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍ നിഷേധിക്കാതിരിക്കാന്‍ ആരുടെ വിരല്‍ പതിപ്പിച്ചാലും റേഷന്‍ കിട്ടുന്ന തരത്തിലാണ് ആദ്യഘട്ടത്തില്‍ ഈ പോസ് സജ്ജീകരിച്ചിരുന്നത്. ഇത് മറയാക്കി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിക്കാത്തവരുടെ വിഹിതം സ്വയം രേഖപ്പെടുത്തിയെടുത്തു. ഇ പോസ് മെഷീന്‍ രേഖപ്പെടുത്താതെ പഴയതുപോലെ കാര്‍ഡില്‍ രേഖപ്പെടുത്തിയായിരുന്നു മറ്റ് ചിലരുടെ മറിച്ചുവില്‍പന. ഇത് വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.

RELATED STORIES

Share it
Top