ഇ പോസ് മെഷീന്‍ ജനുവരിയില്‍

തിരുവനന്തപുരം: റേഷന്‍ കടകളില്‍ ഇ പോസ് (ഇലക്ട്രോണിക് പോയിന്റ് സെയില്‍) യന്ത്രങ്ങള്‍ ജനുവരി ആറുമുതല്‍ സ്ഥാപിച്ചു തുടങ്ങും. കൊല്ലം കരുനാഗപ്പള്ളി താലൂക്കിലെ തിരഞ്ഞെടുത്ത 60 റേഷന്‍ കടകളിലാണ് അടുത്തമാസം ആദ്യവാരം മുതല്‍ യന്ത്രങ്ങള്‍ വഴി റേഷന്‍ വിതരണം തുടങ്ങുക. ആറിന് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തുടര്‍ന്ന് ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ കടകളിലും യന്ത്രങ്ങള്‍ സ്ഥാപിച്ചുതുടങ്ങും. മാര്‍ച്ച് 31നകം കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തീകരിക്കും.
ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് കാര്‍ഡ് ഉടമകള്‍ക്കോ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങള്‍ക്കോ തങ്ങളുടെ അര്‍ഹതപ്പെട്ട ധാന്യവിഹിതം വാങ്ങുവാന്‍ സഹായിക്കുന്ന സാങ്കേതിക സംവിധാനമാണ് ഇ പോസ്. ആധാര്‍ അധിഷ്ഠിതമായ വിതരണ സംവിധാനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും പൊതുവിതരണ വകുപ്പിന് നല്‍കിയിട്ടുള്ള ആധാര്‍ നമ്പറില്‍ നിന്നും കൃഷ്ണമണി/ കൈവിരല്‍ അടയാളങ്ങള്‍ പരിശോധിച്ചാവും റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുക.  ഇ പോസ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്ന കടകളില്‍ റേഷന്‍ കടക്കാരുടെ പ്രതിഫല പാക്കേജ് നിലവില്‍ വന്നുതുടങ്ങും. ഏറ്റവും കുറഞ്ഞത് 45 ക്വിന്റലെങ്കിലും ധാന്യം എല്ലാ റേഷന്‍കടകള്‍ക്കും ലഭ്യമാവുന്ന രീതിയിലാവും റേഷന്‍കടകളുടെ പുനക്രമീകരണം ഭക്ഷ്യവകുപ്പ് നടത്തുക. 75 ക്വിന്റല്‍ ഇല്ലാത്ത കടകള്‍ അടച്ചുപൂട്ടുമെന്ന റേഷന്‍ വ്യാപാരികളുടെ പരാതി അടിസ്ഥാന രഹിതമാണെന്ന്  സംഘടനാ പ്രതിനിധികളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ മന്ത്രി പി തിലോത്തമന്‍ അറിയിച്ചു.
പുതുവല്‍സരം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും അഞ്ച് കിലോഗ്രാം വീതം ആട്ട 15 രൂപ നിരക്കില്‍ വിതരണം നടത്തും. ജനുവരി 30 വരെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ആട്ട വാങ്ങുവാന്‍ സാധിക്കും. റേഷന്‍ കടകളില്‍ ആട്ട എത്തിക്കുന്നതില്‍ കാലതാമസം വരുത്തുന്നത് ഒഴിവാക്കാന്‍ ഗോതമ്പ് മില്ലുകളില്‍ നിന്നും നേരിട്ട് റേഷന്‍കടകളിലേക്ക് ആട്ട എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ആട്ടക്ക് പുറമെ റവ, മൈദാ, പുട്ടുപൊടി, അരിപ്പൊടി തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍കൂടി റേഷന്‍കടകള്‍ വഴി വിതരണം ചെയ്യണമെന്നുള്ള സംഘടനകളുടെ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top