ഇ-പോസ് മെഷീനെതിരേ പ്രതിഷേധം വ്യാപകം

റജീഷ്  കെ സദാനന്ദന്‍

മഞ്ചേരി: സംസ്ഥാന വ്യാപകമായി റേഷന്‍ കടകളില്‍ ഇ-പോസ് ഉപകരണം വഴി റേഷന്‍ വിതരണം ആരംഭിക്കുമ്പോള്‍ പുതിയ സംവിധാനത്തെ ചൊല്ലി പരാതികളും വ്യാപകം. ആധാറുമായി ബന്ധപ്പെടുത്തി റേഷന്‍ വിതരണം സുതാര്യമാക്കുമ്പോള്‍ അര്‍ഹതപ്പെട്ടവര്‍ക്കുപോലും റേഷന്‍ ലഭിക്കുന്നില്ലെന്ന പരാതികളാണു ശക്തിപ്പെടുന്നത്. ഇ-പോസ് ഉപയോഗിച്ചുള്ള വിതരണം നടത്താന്‍ ഗുണഭോക്താക്കളുടെ വിരലടയാളം നിര്‍ബന്ധമാണ്. വിരലടയാളം പതിപ്പിച്ചാലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് റേഷന്‍ അനുവദിക്കാത്ത സ്ഥിതിയാണ് മിക്ക റേഷന്‍ കടകളിലുമുള്ളത്.
60 വയസ്സു പിന്നിട്ടവരുടെയും കൂലിവേല ചെയ്യുന്നവരുടെയും വിരലടയാളം ഇ-പോസ് ഉപകരണത്തില്‍ പതിപ്പിച്ചാലും ഗുണഭോക്താവിനെ കണ്ടെത്താനാവുന്നില്ല. വിരലടയാളത്തില്‍ വരുന്ന വ്യത്യാസമാണ് ഇതിനു കാരണമെന്നും പുതിയ വിരലടയാളം നല്‍കി ആധാര്‍ പുതുക്കണമെന്നുമാണ് ഇക്കാര്യത്തില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി. എന്നാല്‍, മിക്ക ഗുണഭോക്താക്കളും ഇക്കാര്യത്തില്‍ അജ്ഞരാണ്. വിരലടയാളം ആധാറുമായി സാദൃശ്യപ്പെടുന്നില്ലെങ്കില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പാസ്‌വേഡ് ഉപയോഗിച്ച് റേഷന്‍ വ്യാപാരിക്ക് ഗുണഭോക്താവിന് അര്‍ഹമായ സാധനങ്ങള്‍ നല്‍കാമെന്നും വ്യവസ്ഥയുണ്ട്. ഇതും ഫലവത്താവുന്നില്ല.
ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് റേഷന്‍ വിതരണം നടത്തുന്നതിന് വ്യാപാരികള്‍ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതു കഴിഞ്ഞാല്‍ റേഷന്‍ വ്യാപാരികള്‍ വിശദീകരണം നല്‍കണം. ബാധ്യതയേല്‍ക്കേണ്ടിവരുമെന്ന കാരണത്താല്‍ റേഷന്‍ വ്യാപാരികള്‍ ഇതില്‍നിന്നു മുഖംതിരിക്കുകയാണ്. ഒടിപി (ഒറ്റതവണ പാസ്‌വേഡ്) സംവിധാനം വഴി ഫോണില്‍ ലഭിക്കുന്ന പാസ്‌വേഡാണ് ഇതിനായി ഉപയോഗപ്പെടുത്തേണ്ടത്. ഇതിനു വരുന്ന കാലതാമസം റേഷന്‍ വിതരണത്തെ ബാധിക്കുമെന്നതാണു പ്രശ്‌നകാരണമെന്നു വ്യാപാരികള്‍ പറയുന്നു. വാര്‍ധക്യത്തിലെത്തിയ സ്ത്രീകളടക്കമുള്ള ഗുണഭോക്താക്കള്‍ക്ക് ഒടിപി സംവിധാനം സംബന്ധിച്ചു വ്യക്തത നല്‍കാന്‍ വ്യാപാരികളുടെയോ വകുപ്പധികൃതരുടെയോ പൊതുസംവിധാനങ്ങളില്ല. റേഷന്‍ ലഭിക്കാതെ ഗുണഭോക്താക്കള്‍ മടങ്ങുന്നതിലേക്കാണ് പദ്ധതിയുടെ ആദ്യഘട്ടം എത്തിനില്‍ക്കുന്നത്.
ഗുണഭോക്താക്കളെ ആധാര്‍ ഡാറ്റാബേസ് വഴി റേഷന്‍കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചാണു സിവില്‍ സപ്ലൈസ് വകുപ്പ് ഇ-പോസ് വഴിയുള്ള വിതരണത്തിന് പദ്ധതിയൊരുക്കിയത്. ഇതിന്റെ പ്രഖ്യാപനം 18നു നടക്കുമെന്ന് ഭക്ഷ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംവിധാനത്തിലെ പിശകു കാരണം പ്രായമായവരും സ്ത്രീകളുമടക്കമുള്ള ഗുണഭോക്താക്കള്‍ക്ക് റേഷന്‍ ലഭിക്കാത്ത സംഭവത്തില്‍ വിവിധ സംഘടനകള്‍ പ്രതിഷേധവുമായെത്തുന്നുണ്ട്.

RELATED STORIES

Share it
Top