ഇ-പോസ് ബില്ല് കൈപ്പറ്റണം; ഏജന്റ് മുഖേന റേഷന്‍ വാങ്ങാം

തൃശൂര്‍: റേഷന്‍കടകളില്‍ നിന്നും ഇ-പോസ് മെഷീനിലൂടെ ലഭിക്കുന്ന സാധനങ്ങളുടെ ബില്ല് ഉപഭോക്താകള്‍ നിര്‍ബന്ധമായും കൈപ്പറ്റണമെന്ന് ജില്ലാ ഭക്ഷ്യോപദേശക സമിതി യോഗം അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ അധ്യക്ഷത വഹിച്ചു.
ഇ-പോസ് ബില്ല് ഓഫിസില്‍ ഹാജരാക്കണമെന്നത് ചിലയിടങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. ഇത് വ്യാജമാണെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അജിത് കുമാര്‍ അറിയിച്ചു. ഒരു അംഗം മാത്രമുളള റേഷന്‍ കാര്‍ഡുടമയ്ക്ക് അസുഖം മൂലമോ പ്രായാധിക്യം മൂലമോ നേരിട്ട് റേഷന്‍ വാങ്ങാന്‍ കഴിയാത്ത സാഹചര്യം ഉണ്ടെങ്കില്‍ ഏജന്റ് മുഖേന റേഷന്‍ വാങ്ങാം. ഏജന്റ് വ്യാജമല്ലെന്ന് അതത് താലൂക്ക് സപ്ലൈ ഓഫീസറും റേഷന്‍ വ്യാപാരിയും ഉറപ്പു വരുത്തണം. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനായി അര്‍ഹരായ 75000 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 27000 പേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ബാക്കിയുളളവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുളള നടപടികള്‍ പുരോഗമിച്ചു വരികയാണ്.തൃശൂര്‍ താലൂക്കില്‍ സാങ്കേതിക തടസ്സം മൂലം ഏപ്രില്‍ മാസത്തിലെ റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു.
അതിനാല്‍ ഏപ്രിലെ റേഷന്‍ വിതരണം മെയ് 10 വരെ നീട്ടി നല്‍കിയിട്ടുണ്ട്. പൊതുവിതരണത്തിനുളള ഭക്ഷ്യോത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ നടപടി സ്വീകരിക്കുവാന്‍ കളക്ടര്‍ ജില്ലാ സപ്ലൈ ഓഫീസറെ ചുമതപ്പെടുത്തി. റേഷന്‍ വിതരണക്കാര്‍ക്ക് വേബ്രിഡ്ജുകളെ പറ്റി പരാതിയുണ്ടെങ്കില്‍ ലീഗല്‍ മെട്രോളജി വകുപ്പ് അന്വേഷിക്കണമെന്നും റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്ന ആട്ട കാലാവധി തീരുന്നതിനും മുന്‍പു ഉപഭോക്താക്കളിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
സംഘടനാപ്രതിനിധികള്‍, താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാര്‍, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍, റേഷന്‍ വിതരണ പ്രതിനിധികള്‍, ഹോട്ടല്‍ ആന്‍ഡ് മാനേജ്‌മെന്റ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top