ഇസ്‌ലാമോഫോബിയ

അമേരിക്കയിലും ബ്രിട്ടനിലും മാത്രമല്ല, പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇസ്‌ലാം പേടി പടര്‍ന്നുപിടിക്കുകയാണ്. മസ്ജിദുകളിലേക്ക് പന്നിത്തലയോ ഗ്രനേഡുകളോ എറിയുക, ഹിജാബ് ധരിച്ച പെണ്ണുങ്ങളെ ആക്രമിക്കുക, ഹലാല്‍ ഇറച്ചി വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും നിര്‍മാണത്തിലിരിക്കുന്ന മുസ്‌ലിം പള്ളികള്‍ക്കുമെതിരേ പ്രതിഷേധപ്രകടനങ്ങള്‍ നയിക്കുക- ഇതൊക്കെയാണ് രോഗലക്ഷണങ്ങള്‍. യൂറോപ്യന്‍ നഗരങ്ങളില്‍ ഇതെല്ലാം നിത്യസംഭവങ്ങളായിട്ടുണ്ടെന്ന് യൂറോപ്യന്‍ ഇസ്‌ലാമോഫോബിയ റിപോര്‍ട്ടിന്റെ മൂന്നാംപതിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നു. യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള 33 രാജ്യങ്ങള്‍ക്കു പുറമേ റഷ്യ, ഉക്രെയ്ന്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങളിലും ഇതുസംബന്ധിച്ച പഠനം നടന്നുവരുന്നുണ്ട്.
മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങള്‍ ഗ്രേറ്റര്‍ ലണ്ടനില്‍ പോയവര്‍ഷത്തേക്കാള്‍ 40 ശതമാനം വര്‍ധിച്ചെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. പോളണ്ടിലെ വിദ്വേഷ കുറ്റങ്ങളില്‍ 20 ശതമാനവും മുസ്‌ലിംകള്‍ക്കെതിരേയാണ്. ഓസ്ട്രിയയില്‍നിന്നും ജര്‍മനിയില്‍നിന്നും ഇത്തരം സംഭവങ്ങള്‍ നിരന്തരമായി റിപോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍, യഥാര്‍ഥത്തിലുണ്ടാവുന്ന സംഭവങ്ങളില്‍ പലതും പുറത്തുവരാറില്ല. തീവ്രവലതുപക്ഷ കക്ഷികളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഈ സാമൂഹിക മനോരോഗത്തിനു പിന്നിലെന്നു വിലയിരുത്തപ്പെടുന്നു. മുസ്‌ലിം വിരോധം യൂറോപ്യന്‍ വന്‍കരയില്‍ സ്വീകാര്യമായി കരുതുന്നതുകൊണ്ട് അതു പടര്‍ത്തുക എളുപ്പമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മുസ്‌ലിം വിരോധത്തോടൊപ്പം യഹൂദവിദ്വേഷവും വളര്‍ന്നുവരുന്നുണ്ടത്രേ. ഈ വംശീയവെറി യൂറോപ്പിനെ സമാധാനത്തിലേക്കാവില്ല നയിക്കുകയെന്നതില്‍ സംശയമില്ല.

RELATED STORIES

Share it
Top