ഇസ്‌ലാമിക തീവ്രവാദം; വിവാദ കോഴ്‌സ് ജെഎന്‍യു ഒഴിവാക്കി

ന്യൂഡല്‍ഹി: പ്രതിഷേധത്തെ തുടര്‍ന്ന് ജെഎന്‍യു സര്‍വകലാശാല പ്രഖ്യാപിച്ചിരുന്ന “ഇസ്‌ലാമിക തീവ്രവാദം’ കോഴ്‌സ് റദ്ദാക്കി. അക്കാദമിക് കൗണ്‍സിലിന്റെ എതിര്‍പ്പിനെ മറികടന്നാണു പുതുതായി കോഴ്‌സ് തുടങ്ങാന്‍ മെയില്‍ സര്‍വകലാശാല തീരുമാനിച്ചത്. ഇതിനെതിരേ ന്യൂനപക്ഷ സംഘടനകളും വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തുവന്നതോടെയാണു സര്‍വകലാശാലയുടെ പിന്‍മാറ്റം.
കോഴ്‌സ് തുടങ്ങാനുള്ള നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നു ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന് നല്‍കിയ മറുപടിയില്‍ സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ദേശീയ സുരക്ഷ പഠന വിഭാഗത്തിന്റെ പാഠ്യപദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മെയ് 17നു ചേര്‍ന്ന 145ാമതു കൗണ്‍സില്‍ സമ്മേളനത്തിലാണ് ദേശീയ സുരക്ഷാ പഠനത്തിന്റെ പ്രത്യേക കേന്ദ്രം തുടങ്ങുന്നതിനു ശുപാര്‍ശയുണ്ടായത്. ഈ യോഗത്തില്‍ വച്ചുതന്നെ പുതിയ കോഴ്‌സ് തുടങ്ങുന്ന വിവരം അറിയിച്ചിരുന്നു.
നക്‌സലിസം, ജനസംഖ്യാ മാറ്റത്തിലെ പ്രവണതകളും ദേശീയ സുരക്ഷയും, സമുദ്ര സുരക്ഷ, സൈബര്‍ സെക്യൂരിറ്റി, ബോര്‍ഡര്‍ മാനേജ്‌മെന്റ്, സായുധകലാപം ഉള്‍പ്പെടെയുള്ള പുതിയ കോഴ്‌സുകളാണ് തുടങ്ങാനിരുന്നത്. അന്താരാഷ്ട്ര തീവ്രവാദം ആഗോളതലത്തില്‍ സര്‍വകലാശാല പഠന വിഷയമാണെങ്കിലും ഇതാദ്യമായാണ് ഇസ്‌ലാമിക തീവ്രവാദം ഒരു സര്‍വകലാശാല പഠനവിഷയമായി എടുക്കുന്നത്.

RELATED STORIES

Share it
Top