ഇസ്‌ലാം സ്വീകരിച്ചവരുടെ മതംമാറ്റ പ്ര ഖ്യാപനം: അംഗീകാരത്തിന് ചട്ടം ഇനിയുമായില്ല

കൊച്ചി: ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് മതംമാറ്റം സംബന്ധിച്ച പ്രഖ്യാപനം സമര്‍പ്പിക്കാനും അംഗീകാരം നേടാനുമുള്ള ചട്ടം മൂന്നുമാസത്തിനകം രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആക്ഷേപം. ക്രിസ്ത്യാനിയായി ജനിച്ച് ഹിന്ദുസ്ത്രീയെ വിവാഹം ചെയ്ത് മൂന്നുവര്‍ഷം മുമ്പ് ഇസ്‌ലാംമതം സ്വീകരിച്ച അബു താലിബ് എന്ന തദേവൂസ് സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കി ജസ്റ്റിസുമാരായ സി ടി രവികുമാര്‍, എ എം ബാബു എന്നിവരടങ്ങിയ ബെഞ്ച് ജൂണ്‍ 26നു പുറപ്പെടുവിച്ച ഉത്തരവാണ് സര്‍ക്കാര്‍ നടപ്പാക്കാതിരുന്നത്. മൂന്നുമാസത്തിനകം ചട്ടം രൂപീകരിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. തുടര്‍ന്ന് അന്നുതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി ഹരജി കോടതി തീര്‍പ്പാക്കി. 1937ലെ മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്) നടപ്പാക്കല്‍ നിയമത്തിലെ നാലാംവകുപ്പ് ഇത്തരം അതോറിറ്റി രൂപീകരിക്കല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാക്കിമാറ്റിയിട്ടും നടപടി സ്വീകരിക്കാത്തത് ആശങ്കാജനകമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭാര്യയും മക്കളും ഇപ്പോഴും ക്രിസ്തുമതവിശ്വാസികളാണ്. താന്‍ ഇസ്‌ലാംമതാചാരങ്ങള്‍ അനുഷ്ഠിച്ചാണ് ജീവിക്കുന്നത്. താന്‍ ഇസ്‌ലാം സ്വീകരിച്ചെങ്കിലും അതു തെളിയിക്കാന്‍ ഔദ്യോഗിക രേഖകളില്ല. മുസ്‌ലിം വ്യക്തിനിയമം പിന്തുടര്‍ന്നു ജീവിക്കാനാണ് ആഗ്രഹം. വ്യക്തിനിയമം നടപ്പാക്കല്‍ ചട്ടത്തില്‍ പറയുന്നപോലെ മതംമാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ (ഡിക്ലറേഷന്‍) മാത്രമേ ഇതിന് പരിഹാരം കാണാനാവൂവെന്നും ഹരജിക്കാരന്‍ വാദിച്ചു.
ഇസ്‌ലാംമതം സ്വീകരിച്ച ഇ സി സൈമണ്‍ മാസ്റ്റര്‍ എന്ന മുഹമ്മദ് ഹാജിയുടെ മൃതദേഹം ബന്ധുക്കള്‍ മെഡിക്കല്‍ കോളജിന് സംഭാവന ചെയ്തതുമായി ബന്ധപ്പെട്ട നിയമനടപടികളില്‍ ഹൈക്കോടതി വിധികല്‍പിച്ചതിനു പിന്നാലെയാണ് തദേവൂസ് ഹൈക്കോടതിയെ സമീപിച്ചത്. മുഹമ്മദ് ഹാജിയുടെ മൃതദേഹം ഇസ്‌ലാമിക നിയമപ്രകാരം സംസ്‌കരിക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ കാര മതിലകം മഹല്ല് ജമാഅത്ത് കമ്മിറ്റിയും മാസ്റ്ററുടെ സുഹൃത്തുക്കളും സമര്‍പ്പിച്ച ഹരജി ഏപ്രില്‍ 12ന്് സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. അനാട്ടമി ആക്റ്റിലെ നാലാംവകുപ്പു പ്രകാരം മരണസമയത്ത് കൂടെയുള്ള രണ്ടുപേര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയാവും മൃതദേഹം എന്തുചെയ്യണമെന്നു തീരുമാനിക്കാനെന്ന് അന്ന് കോടതി വ്യക്തമാക്കി.
സാമൂഹികപ്രവര്‍ത്തകനായ ടി എന്‍ ജോയി എന്ന നജ്മല്‍ ബാബുവിന്റെ മൃതദേഹം ബന്ധുക്കള്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചത് വിവാദമായിട്ടുണ്ട്. തദേവൂസ് കേസിലെ വിധി നടപ്പാക്കുകയാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാവുമെന്ന് തദേവൂസിന്റെ അഭിഭാഷകന്‍ എം എം അലിയാര്‍ പറഞ്ഞു. ഹൈക്കോടതി വിധി സര്‍ക്കാര്‍ പാലിക്കാത്തതിനെതിരേ കോടതിയലക്ഷ്യ ഹരജി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

RELATED STORIES

Share it
Top