ഇസ്രായേല്‍ സൈനിക കേന്ദ്രത്തിന് നേരെ ഇറാന്‍ ആക്രമണം

ദമസ്‌കസ്: ഗോലാന്‍ കുന്നുകളിലുള്ള ഇസ്രായേലി സൈനിക കേന്ദ്രത്തിന് നേരെ സിറയയിലുള്ള ഇറാന്‍ സൈന്യം ആക്രമണം നടത്തിയതായി ഇസ്രായേല്‍. ഇന്നലെ അര്‍ധരാത്രിക്കു ശേഷമായിരുന്നു ആക്രമണം. ആഭ്യന്തര യുദ്ധത്തില്‍ പൊറുതിമുട്ടുന്ന പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് പിന്തുണ നല്‍കുന്നതിന് വേണ്ടി സിറിയയില്‍ വിന്യസിച്ചിട്ടുള്ള ഇറാന്‍ സേനയാണ് ആക്രമണം നടത്തിയത്. ഇതാദ്യമായാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇവിടെ നിന്ന് ഇറാന്‍ ആക്രമണം നടത്തുന്നത്.

അതേ സമയം, ഇസ്രായേലി സൈന്യം സിറിയയിലെ റഡാര്‍ സ്റ്റേഷനുകള്‍, പ്രതിരോധ കേന്ദ്രങ്ങള്‍, ആയുധ സംഭരണികള്‍ എന്നിവ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയതായി സിറിയന്‍ സര്‍ക്കാര്‍ മാധ്യമം അറിയിച്ചു. ഇറാന്‍ വിക്ഷേപിച്ച 20ഓളം ഗ്രാഡ്, ഫജര്‍ റോക്കറ്റുകള്‍ തങ്ങളുടെ ഡോം പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഇറാന്‍ വിപ്ലവ ഗാര്‍ഡുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖുദ്‌സ് ഫോഴ്‌സാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ വ്യക്തമാക്കി.

ആക്രമണ, പ്രത്യാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായേക്കും. ഇറാന്‍ ആണവ കരാറില്‍ നിന്ന് കഴിഞ്ഞ ദിവസം അമേരിക്ക പിന്മാറിയതും പശ്ചിമേഷ്യയെ കൂടുതല്‍ ആശങ്കയിലാക്കിയിട്ടുണ്ട്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top