ഇസ്രായേല്‍ വെടിവയ്പ്; രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

റാമല്ല: വെസ്റ്റ് ബാങ്കിലും ഗസയിലും ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് രണ്ടു ഫലസ്തീന്‍ കൗമാരക്കാര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഗസ അതിര്‍ത്തിയില്‍ അല്‍ ബുര്‍ജി അഭയാര്‍ഥി ക്യാംപില്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ആമിര്‍ അബു മുസാഇദ് (16), വെസ്റ്റ് ബാങ്കിലെ നെബ്‌ലുസില്‍ അലി ഖിനു (16) എന്നിവരാണ് കൊല്ലപ്പെട്ടത്.
അല്‍ ബുര്‍ജി അഭയാര്‍ഥി ക്യാംപില്‍, ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രഖ്യാപനത്തിനെതിരേ പ്രതിഷേധിക്കുന്ന ഫലസ്തീനികള്‍ക്കു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. മുസാഇദിന്റെ നെഞ്ചിലേക്കു വളരെ അടുത്തുനിന്നാണ് സൈനികന്‍ വെടിയുതിര്‍ത്തതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വെടിവയ്പില്‍ പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് വഫ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് കുട്ടികള്‍ക്കെതിരേ വെടിയുതിര്‍ത്തത്. എന്നാല്‍, സൈന്യം പ്രദേശവാസികള്‍ക്കു നേരെ യാതൊരു മുന്നറിയിപ്പുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നു വെസ്റ്റ് ബാങ്കിലെ സന്നദ്ധ പ്രവര്‍ത്തകനായ ഖസ്സാന്‍ ദഖ്‌ലസ് അറിയിച്ചു.വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ഉപരോധത്തിനെതിരേ പ്രതിഷേധിക്കുന്നവര്‍ക്കു നേരെ പോലിസ് വെടിയുതിര്‍ക്കുകയായിരുന്നു.
വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ കേന്ദ്രത്തില്‍ ഇസ്രായേല്‍ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫലസ്തീനികള്‍ക്കെതിരേ കടുത്ത നടപടികളാണ് സൈന്യം സ്വീകരിക്കുന്നത്. ഫലസ്തീന്‍ പ്രദേശങ്ങളിലേക്കുള്ള പ്രധാനപ്പെട്ട റോഡ് അടയ്ക്കുകയും ഗ്രാമങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ ഫലസ്തീനില്‍ സംഘര്‍ഷം പതിവായിരിക്കുകയാണ്.

RELATED STORIES

Share it
Top